കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം. കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നീക്കം നടത്തിയെന്നാണ് പരാതി. വൈദികന്റെ ബന്ധുവാണ് ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശിച്ചതെന്ന് വെളിപ്പെടുത്തല്‍. കന്യാസ്ത്രീ മഠത്തിലെ ജോലിക്കാരനായ അസം സ്വദേശിയെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പരാതി.
കന്യാസ്ത്രീകള്‍ ഉപയോഗിക്കുന്ന ഇരുചക്ര വാഹനത്തിന്റെ ബ്രേക്ക് അഴിച്ചുമാറ്റി അവരെ അപായപ്പെടുത്താന്‍ മഠത്തിലെ ജീവനക്കാരനായ അസം സ്വദേശി പിന്റുവിന് ബിഷപ്പിന്റെ അനുയായിയുടെ ബന്ധു നിര്‍ദേശം നല്കിയിരുന്നതായാണ് ആരോപണം. ഫ്രാങ്കോ മുളയ്ക്കലിന്റെ സന്തതസഹചാരിയായ വൈദികന്‍ ലോറന്‍സ് ചുട്ടുപ്പറമ്പിലിന്റെ സഹോദരന്‍ തോമസ് ചുട്ടുപ്പറമ്പിലാണ് നിര്‍ദേശം നല്കിയതെന്നാണ് പരാതിയില്‍ പറയുന്നത്.
ഇതു സംബന്ധിച്ച് കന്യാസ്ത്രീ നല്കിയ പരാതിയിന്മേല്‍ കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്റു ഇക്കാര്യങ്ങള്‍ കന്യാസ്ത്രീകളോട് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. ബിഷപ്പിനെതിരേ കന്യാസ്ത്രീ പരാതി നല്കിയ ഘട്ടം മുതല്‍ തോമസ് ചുട്ടുപ്പറമ്പില്‍ നിര്‍ദേശങ്ങള്‍ നല്കി തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് പിന്റുവിന്റെ വെളിപ്പെടുത്തല്‍. കന്യാസ്ത്രീയുടെ നീക്കങ്ങളെല്ലാം നിരീക്ഷിക്കണമെന്നും വിവരങ്ങള്‍ തന്നെ അറിയിക്കണമെന്നും ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും പരാതിയിലുണ്ട്.
ഇതിന് മുമ്പും കന്യാസ്ത്രീക്കെതിരെ വധഭീഷണി ഉണ്ടായിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു.