ചികിത്സയുടെ പേരില്‍ ചുംബിച്ചും ആലിംഗനംചെയ്തും സ്ത്രീകളെ ചൂഷണം ചെയ്തുവന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം അസമിലെ മോറിഗാവില്‍ അറസ്റ്റിലായി. രാം പ്രകാശ് ചൗഹാന്‍ എന്ന ‘ചുംബന സ്വാമി’യാണ് അറസ്റ്റിലായത്. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ തന്റെ ദിവ്യ ചുംബനങ്ങളിലൂടെ സുഖപ്പെടുമെന്നായിരുന്നു ഇയാളുടെ അവകാശവാദം.
ഭഗവാന്‍ വിഷ്ണുവില്‍നിന്ന് തനിക്ക് ദിവ്യശക്തി ലഭിച്ചിട്ടുള്ളതുകൊണ്ടാണ് എല്ലാം സാധ്യമാകുന്നതെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. സ്ത്രീകളുടെ രോഗങ്ങള്‍ സുഖപ്പെടുത്താനായി സ്വന്തം വീട്ടില്‍ ഒരു ക്ഷേത്രവും ഇയാള്‍ നിര്‍മ്മിച്ചിരുന്നു. അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പോകുന്ന നിരവധി ഗ്രാമീണ സ്ത്രീകളെ ഇയാള്‍ ഇവിടെ ചൂഷണം ചെയ്തിരുന്നു.
ഗ്രാമീണര്‍ക്കിടയില്‍ വലിയ സ്വാധീനമാണ് ഇയാള്‍ക്കുണ്ടായിരുന്നത്. ഇയാളുടെ അമ്മയും മകന്റെ മാന്ത്രിക കഴിവുകളെക്കുറിച്ച് ഗ്രാമത്തില്‍ കഥകള്‍ പ്രചരിപ്പിച്ചിരുന്നു. ഇവരെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. മോറിഗാവ് ജില്ലയില്‍ ഇത്തരത്തിലുള്ള നിരവധി വ്യാജ ചികിത്സകന്മാര്‍ ഉണ്ടെന്നാണ് വിവരം. അസമിലെ സാക്ഷരതാ നിരക്ക് വളരെ കുറഞ്ഞ ജില്ലയാണിത്.