കെ.എം.സി.സി: സമൂഹ രക്തദാന ക്യാംപ് ഇരുപത്തിയഞ്ചിന്റെ നിറവിലേക്ക്

18 second read

മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ഥം കെഎംസിസി ബഹ്റൈന്‍ നടത്തിവരുന്ന സമൂഹ രക്തദാന ക്യാംപ് ഇരുപത്തിയഞ്ചിന്റെ നിറവിലേക്ക്. പ്രമുഖ ജ്വലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ പത്താം തിയതിസംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത് ‘ജീവസ്പര്‍ശം’ ക്യാംപിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ട് വരെ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ വച്ചാണ് ക്യാംപ് നടക്കുന്നത് . ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പടെ പ്രമുഖര്‍ ക്യാംപ് സന്ദര്‍ശിക്കുന്നതാണ്. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ബഹ്‌റൈന്റെ വിവിധ ഏരിയകളില്‍ നിന്നായി ഇതിനകം അഞ്ഞൂറിലധികം പേര്‍ ക്യാംപില്‍ പങ്കെടുക്കാന്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .

സമൂഹ രക്ത ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യാപകമായ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ‘ജീവസ്പര്‍ശം’ എന്നപേരില്‍ കെഎംസിസി നിരവധി വര്‍ഷങ്ങളായി നടത്തി വരുന്ന രക്തദാന ക്യംപിന്റെ സവിശേഷത. ഇതിലൂടെ പൊതുസമൂഹത്തില്‍ നിന്നും ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രവാസികളായ മലയാളികള്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരും സ്വദേശികളുള്‍പ്പടെ പാകിസ്ഥാന്‍, ബംഗ്ലദേശ്, ഫിലിപ്പിന്‍സ് തുടങ്ങി വിവിധ രാജ്യക്കാരും രക്തദാന സന്നദ്ധരായി എത്താറുണ്ട്.

രോഗം ,അപകടം തുടങ്ങിയ കാരണങ്ങളാല്‍ രക്തം ആവശ്യമായി വരുന്ന അടിയന്തിര ഘട്ടങ്ങളില്‍ ജീവരക്ഷക്കായി സഹായിക്കുക എന്നതാണ് ഇത്തരം സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ക്യാംപുകളില്‍ ഇതിനകം മൂവായിരത്തിലധികം പേരാണ് കെഎംസിസിയുടെ ‘ജീവസ്പര്‍ശം’ വഴി രക്തദാനം നടത്തിയത്. കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ് സൈറ്റും ജീവസ്പര്‍ശം എന്നപേരില്‍ പ്രത്യേകം ആപ്പും ആരംഭിച്ചിട്ടുണ്ട് .

ബഹ്‌റൈനില്‍ രക്തദാനത്തിന്റെ സന്ദേശം ഇത്രയധികം പ്രാധാന്യത്തോടെ ജനങ്ങളില്‍ എത്തിക്കുവാനായി വളരെ വിപുലമായ രീതിയില്‍ വിവര ശേഖരണം നടത്തി ക്യാംപുകള്‍ സംഘടിപ്പിക്കുന്നത് കെഎംസിസി മാത്രമാണെന്ന് സംഘാടകര്‍ പറഞ്ഞു. മികച്ച രക്തദാന പ്രവര്‍ത്തനത്തിന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെതുള്‍പ്പടെ നിരവധി അംഗീകാരങ്ങളാണ് കെഎംസിസി ബഹ്‌റൈന് ലഭിച്ചിട്ടുള്ളത്. രക്ത ദാനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 33226943, 33191235 36300291 എന്ന നമ്പരിലും ഇതിനായി വാഹന സൗകര്യം ആവശ്യമുള്ളവര്‍ 33189006, 38499146 എന്നീ നമ്പരിലും ബന്ധപ്പെടേണ്ടതാണ്.

നിര്‍ദ്ധനരായ ബഹ്റൈനിലെ പ്രവാസി മലയാളികള്‍ക്കായി പ്രവാസി ബൈത്തുറഹ്മ, ജീവജലം കുടിവെള്ള പദ്ധതി, തണല്‍ ഭവന പദ്ധതി, സമൂഹ വിവാഹം, അല്‍ അമാന സാമൂഹ്യ സുരക്ഷാ പദ്ധതി, ശിഹാബ് തങ്ങള്‍ പ്രവാസി പെന്‍ഷന്‍ പദ്ധതി, റിലീഫ് സെല്‍, വിദ്യാഭ്യാസ സഹായങ്ങള്‍, മയ്യിത്ത് പരിപാലന സേവനങ്ങള്‍, ബിസിനസ് മീറ്റുകള്‍, ഈദ് സംഗമങ്ങള്‍, ദേശീയദിനാഘോഷ പരിപാടികള്‍ തുടങ്ങി വിവിധങ്ങളായ സേവന ഇതര പ്രവര്‍ത്തനങ്ങളാണ് പ്രവാസി സമൂഹത്തിനും മറ്റുമായി കെഎംസിസി ബഹ്റൈന്‍ നടത്തികൊണ്ടിരിക്കുന്നത്.

കെഎംസിസി ബഹ്റൈന്‍ പ്രസിഡന്റ് എസ്.വി. ജലീല്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ക്യാംപ് ചെയര്‍മാന്‍ കെ.കെ.സി.മുനീര്‍, ജനറല്‍ കണ്‍വീനര്‍ കെ.പി.മുസ്തഫ, ജോയ് ആലുക്കാസ് കണ്‍ട്രി മാനേജര്‍ വിനോദ്, ഭാരവാഹികളായ സലാം മമ്പാട്ടുമൂല, ഒ.കെ.കാസ്സിം, സൂപ്പി ജീലാനി, മീഡിയ കോഡിനേറ്റര്‍ തേവലക്കര ബാദുഷ തുടങ്ങിയവര്‍ പങ്കെടുത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …