അടൂര്‍: നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയാണെന്നു പറഞ്ഞ് തന്റെ കീഴില്‍ ഡ്രൈവര്‍ നിയമനത്തിന് പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഐവര്‍കാല പുത്തനമ്പലം കോയിക്കല്‍ മുറിയില്‍ അരുണ്‍ (24)നെയാണ് ഏനാത്ത് എസ്.ഐ ജി. ഗോപകുമാര്‍ വെള്ളിയാഴ്ച രാവിലെ 8.30ന് അറസ്റ്റ് ചെയ്തത്. കടമ്പനാട് ഓട്ടോറിക്ഷ ഡ്രൈവര്‍ രാജനെ ഓട്ടം വിളിച്ച് അരുണ്‍ പരിചയപ്പെട്ടു. തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡിലെ തന്ത്രിമുഖ്യനാണെന്നു വിശ്വസിപ്പിച്ചശേഷം രാജന്റെ മകന്‍ ജോബിക്ക് ഡ്രൈവറായി ജോലി നല്‍കാമെന്നു വാഗ്ദാനം നല്‍കി ആറ് ലക്ഷം രൂപ തട്ടിയെടുത്തതിനാണ് കേസ്. 2016 ഒക്ടോബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ കാലയളവിലാണ് അരുണ്‍ പണം കൈപ്പറ്റിയത്. രാജന്റെ കാര്‍ വാടകക്കെടുത്ത് ഉപയോഗിച്ച വകയില്‍ മൂന്ന് ലക്ഷം രൂപയും ഉള്‍പ്പെടെ ആറു ലക്ഷം രൂപ തട്ടിയെടുത്തത്.
അരുണിന്റെ ഔദ്യോഗിക ആവശ്യത്തിനാണെന്നു പറഞ്ഞ് കാര്‍ ഉപയോഗിച്ചതിനു പുറമേ അരുണിനാവശ്യമായ ഭക്ഷണവും താമസ സൗകര്യവും ലഭ്യമാക്കിയതും ജോബി തന്റെ പണം ഉപയോഗിച്ചാണ്. ജോബിക്ക് വിശ്വാസത്തിനായി ഇയാള്‍ ഉള്‍പ്പെടെ പത്ത് പേരെ നിയമിച്ചുകൊണ്ടുള്ള വ്യാജ നിയമന ഉത്തരവ് കാണിക്കുകയും ചെയ്തു.
ഇല്ലാത്ത ക്ഷേത്രത്തിന്റെ പേരിലുള്ള ലറ്റര്‍പാഡാണ് ഇതിനായി ഉപയോഗിച്ചത്. പുനലൂര്‍ മേജര്‍ ശ്രീനാരായണപുരം നരസിംഹസ്വാമി ക്ഷേത്രത്തിന്റെ പേരിലുള്ള ലറ്റര്‍പാഡിലടിച്ച നിയമന ഉത്തരവാണ് നല്‍കിയത്. ക്ഷേത്ര ട്രസ്റ്റിന്റെ പേരില്‍ വ്യാജ ലറ്റര്‍ പാഡും സീലും നിര്‍മിച്ച് വ്യാജരേഖ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഗുജറാത്ത് ബട് ദ്വാരക ക്ഷേത്രം, ചൈന ടിബറ്റിലെ ക്ഷേത്രം, ചിദംബരം ഏകാംബരനാഥ ക്ഷേത്രം, ആന്ധ്രാപ്രദേശ് ചിറ്റൂര്‍ കാളഹട്ടി ശിവക്ഷേത്രം, തെന്മല മഹാഗണപതി ക്ഷേത്രം, മാമ്പഴതറ ഭഗവതി ക്ഷേത്രം, കുളത്തൂപ്പുഴ അമ്പതേക്കര്‍ ഭദ്രകാളി ക്ഷേത്രം, തിരുവല്ല പൊടിയാടി ദേവി ക്ഷേത്രം, കോന്നി കല്ലേലി ശിവ ക്ഷേത്രം, റാന്നി പെരുനാട് ശാസ്ത ക്ഷേത്രം, സീതത്തോട് രക്തചാമുണ്ടി ക്ഷേത്രം, കന്യാകുമാരി ഭഗവതികോവില്‍ ഉള്‍പ്പെടെ മുപ്പത് ക്ഷേത്രങ്ങളില്‍ താന്ത്രിക സ്ഥാനം വഹിക്കുന്നതായുള്ള രേഖ ഉണ്ടാക്കി ബ്രഹ്മശ്രീ. പുത്തനമ്പലം അരുണ്‍ വാസുദേവന്‍ താന്ത്രിപാട് എന്നു സ്വയം വിശേഷണവും ഇയാള്‍ നല്കിയിരുന്നു. സഹസ്രകലശാഭിഷേകം ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതായുള്ള കത്തുകളും പൊലീസ് കണ്ടെടുത്തു. ഡ്രൈവര്‍മാരെ കൂടാതെ ഉപതന്ത്രിമാരെയും നിയമിച്ചതായാണ് ലറ്റര്‍പാഡിലുള്ളത്. പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി.