ഇടത്തിക്കാട് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന പ്രതി കുറ്റം സമ്മതിച്ചു

0 second read

പെരുമ്പാവൂര്‍: കിഴക്കമ്പലം ഇടത്തിക്കാട് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന പ്രതി കുറ്റം സമ്മതിച്ചു. വാഴക്കുളം എംഇഎസ് കോളെജിലെ ഡിഗ്രി വിദ്യാര്‍ഥിനി നിമിഷ (21) യാണ് കൊല്ലപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളിയായ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ബിജുവാണ് പിടിയിലായത്. മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകമെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കൃത്യം നടക്കുന്ന സമയം ബിജു മദ്യലഹരിയില്‍ ആയിരുന്നു. ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്രതിയോടൊപ്പം താമസിക്കുന്നവരെയും ചോദ്യം ചെയ്യുകയാണ്.

വാഴക്കുളം എംഇഎസ് കോളെജില്‍ ബിബിഎ വിദ്യാര്‍ത്ഥിനിയാണ് നിമിഷ. രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. അന്തിനാട്ട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷയാണ് കൊല്ലപ്പെട്ടത്. വീട്ടിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി നിമിഷയുടേയോ മുത്തശ്ശിയുടേയോ മാല മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ തടയാന്‍ ശ്രമിച്ചപ്പോള്‍ നിമിഷ പച്ചക്കറി മുറിച്ചുകൊണ്ടിരുന്ന കത്തി പിടിച്ചുവാങ്ങി കഴുത്തില്‍ കുത്തുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുമ്പോള്‍ പിതാവിനും കുത്തേറ്റു. ബഹളം കേട്ട് ഓടിവന്ന് രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിക്കും നിമിഷയുടെ അച്ഛന്റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.

വീടിന് സമീപം ജോലി ചെയ്യുകയായിരുന്ന ലോഡിങ് തൊഴിലാളികളാണ് നിമിഷയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കഴുത്തിന് വെട്ടേറ്റ നിമിഷ ആശുപത്രിയിലെത്തി അല്പസമയത്തിനകം മരിച്ചു. ഓടി രക്ഷപെടാന്‍ ശ്രമിച്ച അക്രമിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഉന്നത പോലീസുദ്യോഗസ്ഥരടക്കമുള്ളവര്‍ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്നിടമായ പെരുമ്പാവൂരിനെ ആശങ്കയിലാക്കുന്നതാണ് പുതിയ കൊലപാതകവും. 2016 ഏപ്രില്‍ 28നാണ് ജിഷ പെരുമ്പാവൂരിലെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്തക്കറയിലെയും വസ്ത്രത്തിലെയും ഡി.എന്‍.എ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് ഇതരസംസ്ഥാനക്കാരനായ അമീറുള്‍ ഇസ്ലാമെന്ന പ്രതിയിലേക്ക് എത്തിയത്. അമീറുള്‍ ഇസ്ലാമിനെ കേരളതമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

മാസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ പ്രതിക്ക് വധശിക്ഷയും വിധിച്ചു. ജിഷയുടെ കൊലപാതകത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ മായുന്നതിന് മുമ്പേയാണ് പെരുമ്പാവൂരിനെ ഞെട്ടിച്ച് സമാനരീതിയിലുള്ള മറ്റൊരു കൊലപാതകം. നിരവധി പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂരില്‍ ഒട്ടേറെ മറുനാടന്‍ തൊഴിലാളികളാണ് സ്ഥിരതാമസക്കാരായുള്ളത്. ഇവര്‍ക്കിടയില്‍ ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ളവരും ഏറെയുണ്ടെന്നതാണ് വസ്തുത.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…