പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക ചൂഷണത്തില്‍ നാലു വൈദികര്‍ക്കെതിരേ കേസെടുത്തെങ്കിലും അറസ്റ്റ് വൈകുന്നു. ഇതിനു പിന്നില്‍ സഭയുടെ രാഷ്ട്രീയ സ്വാധീനമാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
അന്വേഷണത്തില്‍ ഇടപെടില്ലെന്ന് സഭാ നേതൃത്വം പറയുന്നുണ്ടെങ്കിലും വൈദികരെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം മുതലേ. പരാതിക്കാരനും ചില വൈദികരും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. സഭാ മാനേജിങ് കമ്മിറ്റിയംഗമായ ഫാ. മാത്യൂസ് വാഴക്കുന്നം സഭയുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.കേസെടുത്ത് രണ്ടുദിവസമായിട്ടും ഇവരെ അറസ്റ്റുചെയ്ത് ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. അറസ്റ്റു തടയണമെന്നാവശ്യപ്പെട്ട് വൈദികര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളി.
തിരുവല്ല സ്വദേശിയായ യുവാവിന്റെ പരാതിയുടെയും ഇരയായ യുവതിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ തിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടത്തില്‍ ഫാ. എബ്രഹാം വര്‍ഗീസ്, കറുകച്ചാല്‍ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഡല്‍ഹി ജനക്പുരി ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.