മനുഷ്യന്റെ നന്മയും സമൂഹത്തിന്‍ന്റെ പുരോഗതിയും ലക്ഷ്യംവച്ച ഫിലിപ്പിന്റെ കഥ

17 second read

അടൂര്‍ :സ്വപ്നങ്ങള്‍ ഏറെയുണ്ടായിരുന്നു ഫിലിപ്പിന്. അവ വെറും പകല്‍ക്കിനാവുകളായിരുന്നില്ല. യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചുറപ്പിച്ചവ. ജന്മസിദ്ധമായ പ്രതിഭയും ആര്‍ജിച്ചെടുത്ത ഉള്‍ക്കരുത്തും കൂട്ടിനുണ്ടായിരുന്നു. വേണ്ടുവോളം അനുഭവസമ്പത്തും. കാര്‍ഷികസാങ്കേതിക എന്‍ജിനിയറിംഗ് മേഖലകളിലായിരുന്നു ശ്രദ്ധ. പഠിച്ചതും പരിശീലിച്ചതും അവിടെയാണ്. മനുഷ്യന്റെ നന്മയും സമൂഹത്തിന്റെ പുരോഗതിയുമായിരുന്നു ലക്ഷ്യം. അതിനുതുക കണ്ടെത്തലുകള്‍ പലതു നടത്തി. കെട്ടിടങ്ങളിലെ ചോര്‍ച്ച മുതല്‍ ജലമലിനീകരണംവരെയുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം ഫിലിപ്പിന് പരിഹാരമുണ്ട്. വെറുതെ ഉണ്ടാക്കിയെടുത്തവയല്ല. എല്ലാം പരീക്ഷിച്ചറിഞ്ഞവ.

എന്നാല്‍, വിജയിക്കാന്‍ അതു മാത്രം പോരായിരുന്നു. നേരും നെറിവും ജീവിതത്തില്‍ ചിലരെയെങ്കിലും തോല്പിച്ചിട്ടുണ്ട്. ഫിലിപ്പും അക്കൂട്ടത്തില്‍പ്പെടും. റിട്ടയര്‍മെന്റിനുശേഷം വീടിനോടു ചേര്‍ന്നു പുതിയ സംരംഭം തുടങ്ങാനായിരുന്നു പദ്ധതി. തന്റെ ബുദ്ധിയിലും നിരീക്ഷണത്തിലും വിരിഞ്ഞ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കണം. അതിനു പറ്റിയ ഒരു വര്‍ക്ക്‌ഷോപ്പും ഓഫീസും. പിന്നെ ഒരു നിര്‍മാണ കേന്ദ്രവും. മൊത്തം മൂന്നുകോടി രൂപ വേണം. പ്രോജക്ടുമായി ഒരു പൊതുമേഖലാ ബാങ്കിനെ സമീപിച്ചു. ചോദിച്ചതിലും കൂടുതല്‍ തരാമെന്നു വാഗ്ദാനം. അതൊരു കെണിയായിരുന്നു. അതില്‍ ഫിലിപ്പ് വീണു. അല്ലെങ്കില്‍ വീഴ്ത്തി. പണം സമയത്ത് കിട്ടിയില്ല. ബാങ്കിനെ വിശ്വസിച്ചു പലരോടും കടം വാങ്ങി. ഇപ്പോള്‍ എല്ലാം നഷ്ടപ്പെടു സ്ഥിതിയായി. ജപ്തി ഭീഷണിയും. ബ്ലേഡുകാര്‍ വീട്ടില്‍ സ്ഥിരം സന്ദര്‍ശകരായി. ബന്ധുക്കളും നാട്ടുകാരും കണ്ടാല്‍ മിണ്ടാതായി. വിളിച്ചു പറഞ്ഞാല്‍ വീട്ടില്‍ പണം കൊണ്ടു തിന്നിരുവര്‍ ഫോണ്‍ എടുക്കാതായി. താമസിക്കു വീട് തൂത്തുതുടച്ചു വൃത്തിയാക്കാറുപോലുമില്ല. എങ്ങും തളംകെട്ടിക്കിടക്കു മൂകത. കെട്ടിപ്പടുത്ത വിശ്വാസ്യതയും അഭിമാനവും കണ്‍മുന്നില്‍ തകര്‍ന്നടിയുന്നു.

അടൂര്‍ ഫിലിപ്പ് എന്ന ആനന്ദപ്പള്ളി മങ്കുഴിയില്‍ ഒ. ഫിലിപ്പ് പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനിയറായിരുന്നു. ജോലി ചട്ടപ്പടിയിലൊതുക്കാന്‍ കൂട്ടാക്കാതിരുന്ന വ്യക്തി. മാറ്റത്തിനുവേണ്ടി വല്ലാത്തൊരു ദാഹം എപ്പോഴുമുണ്ടായിരുന്നു. ഊണിലും ഉറക്കത്തിലും പുതിയതിനെക്കുറിച്ചായി ചിന്ത. പഴഞ്ചന്‍ കെട്ടിട നിര്‍മാണവിദ്യക്കു പകരം പുതിയതൊന്ന്. മഴയില്‍ ചോരാത്ത കോക്രീറ്റ് സൗധങ്ങള്‍. പൊട്ടിയൊലിക്കാത്ത ശുചിമുറികള്‍. ചെലവു കുറഞ്ഞ ജലശുദ്ധീകരണികള്‍. മാര്‍ഗതടസമുണ്ടാകാത്ത റോഡുകള്‍. ഇടനിലക്കാരനില്ലാത്ത കാര്‍ഷിക മര്‍ക്കറ്റുകള്‍. സര്‍വീസിലിരിക്കെ പലതും നടപ്പാക്കി. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ തല ഉയര്‍ത്തി നില്‍ക്കു നേര്‍സാക്ഷ്യങ്ങള്‍ നിരവധി.

ഒരു കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ ഫിലിപ്പ് ആയിരുന്നു എല്ലാം. വിദഗ്ധ ഉപദേശങ്ങള്‍ക്കായി മേലുദ്യോഗസ്ഥര്‍ കാത്തിരുന്നു. വാസ്തുവിദ്യയിലെ പരിജ്ഞാനവും ഗുണകരമായി. പരീക്ഷിച്ചു വിജയിച്ച കണ്ടുപിടിത്തങ്ങളെക്കുറിച്ച് ആനുകാലികങ്ങളിലും പത്രങ്ങളിലും എഴുതി. പലതും അച്ചടിച്ചുവന്നു. അതുവായിച്ച് പലരും പുതിയ സംരംഭങ്ങള്‍ തുടങ്ങി. വലിയ ബിസിനസുകാരായി. കോടികള്‍ കൊയ്തു. ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ച് സുഹൃത്തുക്കള്‍ സൂചിപ്പിച്ചെങ്കിലും പോയില്ല. പേറ്റന്റ് എടുത്താല്‍ കോടികള്‍ കിട്ടുമായിരുന്നു. താത്പര്യമുണ്ടായില്ല. തന്റെ ആശയങ്ങളും കണ്ടുപിടിത്തങ്ങളും നാട്ടുകാര്‍ ഏറ്റെടുക്കുന്നതു കാണാനായിരുന്നു ഇഷ്ടം.

‘പതിവുകളെ’ പടിക്കു പുറത്തു നിറുത്തിയതിനാല്‍ ശമ്പളംകൊണ്ട് രണ്ടറ്റവും മുട്ടിക്കാനായില്ല. അവധിയെടുത്ത് ഗള്‍ഫില്‍ പോയി. സലാലയിലായിരുന്നു ആദ്യം. ഇയോബിന്റെ കല്ലറയും പള്ളിയുടെ പകുതിയും നിര്‍മിച്ചുകൊണ്ടു തുടങ്ങി. ഒന്‍പതു വര്‍ഷം അവിടെക്കഴിഞ്ഞു. പിന്നെ പ്രോജക്ടുകളുടെ കുത്തൊഴുക്ക്. വമ്പന്‍ കെട്ടിടങ്ങളും കടല്‍വെള്ള ശുദ്ധീകരണ ശാലകളും ഓയില്‍ റിഫൈനറികളും. പറയുന്ന തീയതിക്കു വളരെ മുന്‌പേ പണി പൂര്‍ത്തിയാക്കും. അതായിരുന്നു രീതി. ഫിലിപ്പിനെ നാടറിഞ്ഞു. ആ സാങ്കേതിക വിദഗ്ധനുവേണ്ടി കമ്പനികള്‍ ക്യൂ നിന്നു. അദ്ദേഹം പറയുന്നതായിരുന്നു പ്രതിഫലം. അര്‍ഹതപ്പെട്ടതു മാത്രം വാങ്ങി. 1987ല്‍ തിരിച്ചെത്തി ഡിപ്പാര്‍ട്ടുമെന്റില്‍ ചേര്‍ന്നു. 91 ല്‍ വീണ്ടും അവധിയെടുത്തു ഗള്‍ഫിലെത്തി. മസ്‌കറ്റിലെ യു.എസ് കമ്പനിയില്‍, പിന്നെ ഷാര്‍ജ ഓയില്‍ റിഫൈനറിയില്‍, ഖത്തറില്‍… എല്ലായിടത്തും ഫിലിപ്പ് സ്വീകാര്യന്‍. തൊഴിലാളികള്‍ക്ക് അദ്ദേഹം എല്ലാമായി. തൊഴിലാളിയുടെ സന്തോഷം കമ്പനിയുടെ വിജയമെന്നതായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. ഇതിനിടെ, അമേരിക്കന്‍, ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകളില്‍ നിന്ന് ഉന്നത ബിരുദവും സമ്പാദിച്ചു. 2011ല്‍ റിട്ടയര്‍ ചെയ്തു.

വെറുതെ ഇരുന്നാലും അന്തസായി ജീവിക്കാനുള്ള വകയുണ്ടായിരുന്നു. പക്ഷേ, ഫിലിപ്പിന് അതിനു കഴിയുമായിരുന്നില്ല. എന്തെങ്കിലും ചെയ്യണം. അങ്ങനെയാണു താന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ പൊടി തട്ടിയെടുക്കാന്‍ തീരുമാനിച്ചത്. 2008 ല്‍ രജിസ്റ്റാര്‍ ചെയ്ത ഫിലിപ്‌സ്മാന്‍ കമ്പനിയിലൂടെ പുതിയ സംരംഭങ്ങള്‍ക്കു തുടക്കമിട്ടു. ജലശുദ്ധീകരണ സംവിധാനം (ഫിലിപ്പ്‌സ്മാന്‍ റിവേഴ്‌സ് ഗ്രാവിറ്റി വാട്ടര്‍ ഫില്‍റ്റര്‍), കിണര്‍ റീചാര്‍ജിംഗ്, ശുചിമുറി സംരക്ഷണം, കോക്രീറ്റ് റിപ്പയറിംഗ് എന്നിവ സംബന്ധിച്ചു കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും ഉപകരണ നിര്‍മാണത്തിനുമുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി. അതുമായാണു ബാങ്കിനെ സമീപിച്ചത്.

തമിഴ്‌നാട്ടിലാണെങ്കില്‍ ഈടില്ലാതെ ഇതിന് അഞ്ചു കോടി വരെ ലഭിക്കുമായിരുന്നു. അതിനുള്ള ഓഫറും ഫിലിപ്പിനു കിട്ടിയതാണ്. പക്ഷേ, നാട്ടിലെന്തെങ്കിലും. അതായിരുന്നു താത്പര്യം. മഴവെള്ള സംഭരണത്തിനും കിണര്‍ റീചാര്‍ജിംഗിനും ഓരുവെള്ളം ശുദ്ധീകരിക്കുന്നതിനും ചെലവു കുറഞ്ഞ പദ്ധതികള്‍ ആവിഷ്‌കരിച്ച ഫിലിപ്പ് നേരത്തെതന്നെ ശ്രദ്ധ നേടിയിരുന്നു. ഇതുസംബന്ധിച്ച് ആനുകാലികങ്ങളില്‍ പല ലേഖനങ്ങളും എഴുതുകയും ചെയ്തു.

2013ല്‍ പദ്ധതിയുടെ വിശദാംശങ്ങളുമായെത്തിയ ഫിലിപ്പിനെ ബാങ്കുകാര്‍ നിരാശപ്പെടുത്തിയില്ല. മൂന്നു കോടിക്കു ചെ അദ്ദേഹത്തിന് അവര്‍ അഞ്ചു കോടി വാഗ്ദാനം ചെയ്തു. പക്ഷേ ഈടുവേണം. താമസിക്കു വീടും രണ്ടേക്കര്‍ പുരയിടവും നല്‍കി. അതിന് 10 കോടിരൂപ മതിപ്പുവില വരും. മൂന്നു കോടിക്കു വന്ന താങ്കള്‍ക്ക് അഞ്ചു കോടിയാണ് നല്‍കുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ പൊരുള്‍ അന്നു ഫിലിപ്പിന് മനസിലായില്ല. കൂടുതലായി അനുവദിക്കുന്ന രണ്ടു കോടി ബ്ലേഡില്‍ കൊടുത്താല്‍പോലും തവണ അടഞ്ഞു പോകുമെന്നു പറഞ്ഞതിന്റെ അര്‍ഥം ഇപ്പോള്‍ അദ്ദേഹത്തിന് ശരിക്കും മനസിലാകുന്നുണ്ട്.

ആ ഡിസംബറില്‍ ഫണ്ട് നല്‍കാമെന്നായിരുന്നു വാഗ്ദാനം. വീടിന്റെയും പുരയിടത്തിന്റെയും ആധാരങ്ങള്‍ വാങ്ങിയ ബാങ്കിന്റെ വാക്ക് ഫിലിപ്പ് വിശ്വസിച്ചു. കൈയിലുണ്ടായിരുന്നതും കടംവാങ്ങിയും സ്വരുക്കൂട്ടിയ ഒന്നേമുക്കാല്‍ കോടി രൂപ തന്റെ സ്വപ്ന പദ്ധതിയില്‍ മുടക്കി. വര്‍ക്ക് ഷോപ്പിനും യന്ത്രസാമഗ്രികള്‍ക്കുമായി അതു ചെലവായി. വീട്ടിലിരുന്നാല്‍ കാണാവുന്നദൂരത്തിലുള്ള വര്‍ക്ക്‌ഷോപ്പ് നോക്കുകുത്തിയായി നില്‍ക്കുന്നു. അവസാനം ബാങ്ക് അനുവദിച്ചത് 50 ലക്ഷം രൂപ മാത്രം. അടുത്തവര്‍ഷം മാര്‍ച്ചില്‍ കൂടുതല്‍ ഫണ്ടിന് ശിപാര്‍ശ ചെയ്യാമെന്നുള്ള ഉറപ്പില്‍ ആ തുക കൈപ്പറ്റി.

എന്നാല്‍, ബാങ്ക് അനങ്ങിയില്ല. കിട്ടിയ 50 ലക്ഷം കടം വീട്ടാനും മറ്റുമായി ഉപയോഗിച്ചു. ബാങ്കിന്റെ തവണ മുടങ്ങാതിരിക്കാന്‍ കൂടുതല്‍ കൂടുതല്‍ കടം വാങ്ങി. വല്ലാത്തൊരു ഊരാക്കുടുക്ക്. മാനേജര്‍മാര്‍ മാറി മാറി വന്നു. ഫണ്ട് അന്വേഷിച്ചു ചെല്ലുമ്പോഴെല്ലാം മുടന്തന്‍ ന്യായങ്ങള്‍. അവര്‍ക്കെന്തോ ഗൂഢലക്ഷ്യം ഉള്ളതുപോലെ. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കുടിപ്പകയും പ്രശ്‌നമായി. എല്ലാം ചെന്നു കൊണ്ടത് ഫിലിപ്പിലാണെന്നു മാത്രം.

ബാങ്ക് വാഗ്ദാനം ചെയ്ത പണം കിട്ടില്ലെന്നുറപ്പായതോടെ എങ്ങനെയും 50 ലക്ഷത്തിന്റെ വായ്പ വീട്ടാന്‍ നെട്ടോട്ടമായി. സാധാരണഗതിയില്‍ അനുവദിക്കു ന്ന തുകയുടെ ഒന്നരയിരട്ടിയാ?ണ് ഈടായി നല്‍കേണ്ടത്. അങ്ങനെ വരുമ്പള്‍ 50 ലക്ഷത്തിന് 75 ലക്ഷത്തിന്റെ ഈട് മതി. ബാക്കി ഈട് വസ്തുക്കള്‍ ഇടപാടുകാരന് തിരിച്ചു നല്‍കേണ്ടതാണ്. ഫിലിപ്പ് നല്‍കിയതു 10 കോടിരൂപയുടെ അഞ്ച് ആധാരങ്ങളാണ്. അതില്‍ ഒരെണ്ണം തിരിച്ചുകിട്ടിയാല്‍ ഫിലിപ്പിന് ഈ കെണിയില്‍ നിന്നു രക്ഷപ്പെടാം. ഒന്നുകില്‍ അതു വില്‍ക്കാം അല്ലെങ്കില്‍ മറ്റേതെങ്കിലും ബാങ്കിനെ സമീപിച്ച് ലോണെടുക്കാം. ഫിലിപ്പിനെ രക്ഷിക്കാന്‍ ബാങ്ക് കനിയണമെന്നു മാത്രം.

കാര്യങ്ങള്‍ പിടിയില്‍ നില്‍ക്കില്ലെന്നു മനസിലായതോടെ പ്രശ്‌നപരിഹാരം തേടി ഫിലിപ്പ് കയറിയിറങ്ങാത്ത ഇടങ്ങളില്ല. സമീപിക്കാത്ത അധികാരികളുമില്ല. ഓംബുഡ്‌സ്മാന്‍, ഗ്രീവന്‍സ് സെല്‍, സര്‍ക്കാര്‍ കേന്ദ്രങ്ങള്‍… എങ്ങുനിന്നും നീതി കിട്ടിയില്ലെന്ന് അദ്ദേഹം കണ്ണീരോടെ പറയുന്നു.

ബാങ്ക് മൂലമുണ്ടായ അസ്വസ്ഥതകളില്‍ രണ്ടു മൂന്നു വര്‍ഷം നഷ്ടമായെങ്കിലും ഫിലിപ്പ് പ്രതീക്ഷ കൈവിട്ടില്ല. വൈദ്യുതി ഉത്പാദനം, പാലങ്ങള്‍, ഭൂഗര്‍ഭ ചാര്‍ജറുകള്‍, ചെളി നീക്കി ബാക്ടീരിയ രഹിതമാക്കുന്ന ജലശുദ്ധീകരണം, കമ്യൂണിറ്റി വാട്ടര്‍ ഫില്‍റ്റര്‍, ചേറ് അരിക്കുന്ന ഫുട് വാല്‍വ്, പുതിയതരം കാരവന്‍, റെഡിമെയ്ഡ് ടോയ് ലറ്റ് ഭിത്തിയും തറയും, സ്‌കൈ ബസ്, മടക്കാവു നടപ്പാലം തുടങ്ങി നിരവധി പദ്ധതികള്‍ അദ്ദേഹത്തിന്റെ തലയില്‍ ഇപ്പോഴുമുണ്ട്.

സര്‍വീസിലിരിക്കെ, സര്‍ക്കാരിനു കോടിക്കണക്കിനു രൂപയുടെ ലാഭമുണ്ടാക്കിക്കൊടുത്ത പദ്ധതികള്‍ ആവിഷകരിച്ചു നടപ്പാക്കിയ ഫിലിപ്പിനെത്തേടി നിരവധി അംഗീകാരങ്ങളുമെത്തിയിട്ടുണ്ട്. ജഡ്ജിമാരുടെപോലും പ്രശംസ നേടാനായി. സര്‍വീസില്‍ അര്‍ഹതപ്പെട്ട പ്രമോഷന്‍ തടഞ്ഞപ്പോഴും അദ്ദേഹം തളര്‍ന്നില്ല. ആരേയും ശത്രുപക്ഷത്തു നിര്‍ത്തിയതുമില്ല. അങ്ങനെയുള്ള ഫിലിപ്പിനെ വെറുതെ തള്ളിക്കളയാന്‍ കഴിയുമോ?

ഫിലിപ്പിന്റെ നമ്പര്‍ 9447223173

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…