പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്‌ന വിദേശത്തേക്ക് പോയോ എന്ന കാര്യമുള്‍പ്പെടെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞതോടെ ജസ്‌ന മരിയക്ക് ജീവാപായം സംഭവിച്ചിരിക്കാമെന്ന സാധ്യത പരിശോധിക്കാന്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ഈ സാഹചര്യത്തിലാണ് ജസ്‌നയുടെ വീടിന് പരിസരത്തുള്ള വനപ്രദേശങ്ങളില്‍ 400 പോലീസുകാരെ തിരച്ചിലിനായി വിന്യസിച്ച് പൊലീസ്.
ഇന്ന് രാവിലെ മുതല്‍ ജസ്‌നയുടെ വീടിന് അഞ്ചുകിലോമീറ്റര്‍ പരിസരത്തുള്ള വനപ്രദേശങ്ങളിലായി ജസ്‌നയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 400 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇവര്‍ പത്തു ബാച്ചുകളായി തിരിഞ്ഞ് ഇന്ന് രാവിലെ തന്നെ പരിശോധന ആരംഭിച്ചു. വന്യമൃഗ സാന്നിധ്യം അധികമില്ലാത്ത പൊന്തന്‍പുഴ, വലിയകാവ് വനമേഖലയിലാണ് അന്വേഷണം. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളില്‍ മുഴുവനായും തിരച്ചില്‍ നടത്തും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പൊലീസുകാരാണ് സംഘത്തിലുള്ളത്. ഒരു ഡിവൈഎസ്പിയും അഞ്ച് സിഐമാരും സംഘത്തിലുണ്ട്. എരുമേലിയില്‍ നിന്ന് മുണ്ടക്കയത്തേക്കുള്ള ബസ്സിലാണ് ജസ്‌ന അവസാനമായി യാത്രചെയ്തതായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ പരിസര പ്രദേശങ്ങളിലെല്ലാം വിപുലമായ തിരിച്ചിലിന് തീരുമാനിച്ചത്.
ഈ മേഖലയിലെ കാടുമുഴുവന്‍ തിരച്ചില്‍ നടത്തി എന്തെങ്കിലും സൂചനകള്‍ ഉണ്ടോ എന്ന് പരിശോധിക്കും. ജനവാസ കേന്ദ്രങ്ങള്‍ ചുറ്റപ്പെട്ടുകിടക്കുന്ന വനമേഖലയാണ് ഈ പ്രദേശം. അതിനാല്‍ തന്നെ മാലിന്യങ്ങളും മറ്റും വ്യാപകമായി കൊണ്ടുതള്ളുകയും ചെയ്യുന്ന പ്രദേശമാണ്. കൊലപ്പെടുത്തിയവരെ ഈ പ്രദേശങ്ങളില്‍ കൊണ്ടുവന്ന് കാട്ടിനുള്ളില്‍ ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ടെന്ന് നാട്ടുകാരില്‍ പലരും സൂചന നല്‍കിയിരുന്നു. വന്യമൃഗസാന്നിധ്യം ഇല്ലാത്തതിനാല്‍ കാട്ടിനുള്ളില്‍ അനാശാസ്യക്കാരുടെയും മയക്കുമരുന്നുകാരുടേയും താവളവുമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ഈ വനമേഖലയില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. പത്തു ബാച്ചുകളായി തിരച്ചിലിന് ഇറങ്ങിയ പൊലീസ് സംഘത്തിനൊപ്പം ജസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക് കോളേജിലെ വിദ്യാര്‍ത്ഥികളും അണിചേര്‍ന്നിട്ടുണ്ട്. ഇന്നുതന്നെ ഈ പ്രദേശത്തെ തിരച്ചില്‍ പൂര്‍ത്തിയാക്കുമെന്ന് പൊലീസ് സൂചന നല്‍കി.
രണ്ടര മാസമായി നടത്തുന്ന അന്വേഷണത്തില്‍ ഒരു തുമ്പും ലഭിക്കാതെ വന്നതോടെയാണ് ഇന്ന് നാട്ടില്‍ തന്നെ വിപുലമായ തിരച്ചില്‍ തുടങ്ങിയത്. മൈസൂരും ബാംഗ്ലൂരൂം നടത്തിയ പരിശോധന കാര്യമായി ഫലമൊന്നും ഉണ്ടായില്ല. ഇതോടെ ജ്‌സന അപകടത്തില്‍ പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയും ഇത്തരത്തില്‍ അന്വേഷണം തുടരുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞയാഴ്ച കാഞ്ചീപുരത്ത് ഒരു പെണ്‍കുട്ടിയെ കത്തിക്കരിഞ്ഞനിലയില്‍ കണ്ടതോടെ ഇത് ജസ്‌നയാകുമോ എന്ന ആശങ്കയുമുണ്ടായി. എന്നാല്‍ ഈ പെണ്‍കുട്ടി ചെന്നൈ സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. ജസ്‌നയ്ക്കായി ഇതിനിടെ ഇതിന്റെ ഭാഗമായി പ്രത്യേക പൊലീസ് സംഘം പീരുമേട് മേഖലയില്‍ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെ കൊക്കയിലെ പാറക്കെട്ടുകള്‍, മത്തായിക്കൊക്ക, വളഞ്ചാങ്കാനം കൊക്ക എന്നിവിടങ്ങളിലും പരിശോധന നടത്തിയിരുന്നു. പരുന്തുംപാറയിലെ കൊക്കയുടെ അടിവാരത്ത് സംഘം ഇറങ്ങി പരിശോധിച്ചു. മത്തായിക്കൊക്കയിലും ഗ്രാമപഞ്ചായത്ത് മാലിന്യം തള്ളുന്ന സ്ഥലത്തും വളഞ്ചാങ്കാനം വളവിനു സമീപമുള്ള പുഴയിലും പാറക്കെട്ടുകളിലും തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലെ അന്വേഷണ സംഘമാണ് തിരച്ചിലിനെത്തിയത്. എന്നാല്‍ ഇതിലൊന്നും ഒരു സൂചനയും ലഭിച്ചിരുന്നില്ല.
മാര്‍ച്ച് 22നാണ് ജെസ്ന മരിയം ജെസിംസ്(20) സന്തോഷ് കവലയില്‍ നിന്ന് അപ്രത്യക്ഷയായത്. മകളെ കാണാനില്ലെന്ന് വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ അലംഭാവം കാട്ടിയെന്ന് വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ജസ്‌ന തിരോധാനത്തിന്റെ അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പിക്കുന്നനത്. കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക് കോളേജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജെസ്‌ന. പിതാവിന്റെ സഹോദരിയുടെ മുണ്ടക്കയത്തുള്ള വീട്ടില്‍ പോകുന്നുവെന്ന് അടുത്തവീട്ടില്‍ അറിയിച്ചാണ് 22ന് രാവിലെ ഒമ്പതരയോടെ വീട്ടില്‍നിന്നിറങ്ങിയത്. പുസ്തകവും ഹാന്‍ഡ്ബാഗുമായി വീടിനുമുന്നില്‍നിന്ന് പരിചയമുള്ള ആളിന്റെ ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറയിലേക്ക് പോയത്. എന്നാല്‍ ജെയിംസിന്റെ സഹോദരിയുടെ വീട്ടിലെത്തിയില്ല. യാത്രയെക്കുറിച്ച് കൂട്ടുകാരോടും ഒന്നും പറഞ്ഞിട്ടില്ല. മൊബൈല്‍ ഫോണും ആഭരണങ്ങളും വസ്ത്രങ്ങളും എടുക്കാതെയായിരുന്നു യാത്ര.
ആദ്യം നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ തുമ്പുകള്‍ കണ്ടത്താന്‍ പൊലീസിന് സാധിച്ചില്ല. പെണ്‍കുട്ടി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍, സഹപാഠികള്‍, ബന്ധുക്കള്‍ എന്നിവരെ ചോദ്യം ചെയ്തതില്‍നിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റര്‍നെറ്റില്ലാത്ത മൊബൈല്‍ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കുവന്നതും വിളിച്ചിട്ടുള്ളതുമായി കോളുകളില്‍ സംശയകരമായി ഒന്നുമില്ല. കൂടുതലും സംസാരിച്ചിട്ടുള്ളത് സഹപാഠികളോടും ബന്ധുക്കളോടുമാണ്. സംശയിക്ക തക്ക ഒന്നും ഇതില്‍ നിന്ന് കണ്ടെത്താന്‍ പൊലീസ് സാധിച്ചില്ല. ജെസ്ന എരുമേലിക്കടുത്ത് കണ്ണിമലയില്‍ക്കൂടി കടന്നുപോകുന്ന ബസില്‍ ഇരിക്കുന്നതായി ഒരു ബാങ്കിന്റെ നിരീക്ഷണ ക്യാമറയില്‍ കണ്ടിരുന്നു. പൊലീസ് ഇത് പരിശോധിച്ചു. കൂടുതലായി ഒന്നും കിട്ടിയില്ല.
തുടര്‍ന്ന് ജസ്നയെ കണ്ടെത്തുന്നവര്‍ക്ക് പൊലീസ് രണ്ടുലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിവന്നിരുന്നു. കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തത് ആയുധമാക്കി കോണ്‍ഗ്രസ് വലിയ സമരം നടത്തി. ഉമ്മന്‍ ചാണ്ടിയും എംഎം ഹസനും രമേശ് ചെന്നിത്തലയും ഒക്കെ നേരിട്ടെത്തി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതിന് പിന്നാലെയാണ് ഐജി മനോജ് എബ്രഹാം തലവനായി ഉന്നതതലസംഘത്തെ നിയമിച്ചത്. വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. എന്നിട്ടും ഫലമുണ്ടായില്ല. പലരും പല സ്ഥലത്ത് നിന്നും കണ്ടതായി വിവരം പങ്കുവച്ചെങ്കിലും പിന്നീട് ഇത് തെറ്റാണെന്ന് സ്ഥിരീകരിച്ചു.
വീണ്ടും ആകാംശയില്‍ ജെസ്നയെ കണ്ടതായി വിവരം ലഭിച്ചു. ബംഗളൂരുവില്‍ ഒരിടത്ത് കണ്ടതായി വിവരം പരന്നതിനാല്‍ പൊലീസ് അവിടെ എത്തി. നിരീക്ഷണ ക്യാമറയില്‍ പക്ഷേ ഒന്നും കണ്ടില്ല. തൃശ്ശൂര്‍ ഒല്ലൂരും അന്വേഷണം നടത്തി. ഒല്ലൂര്‍ സ്വദേശിയായ യുവാവ് ഒപ്പമുണ്ട് എന്ന സംശയത്തിലായിരുന്നു ഇത്. ഇതും തെളിയിക്കാനായില്ല. ഇന്നലെ പിസി ജോര്‍ജ് എംഎല്‍എ നിയമസഭയില്‍ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ന് അന്വേഷണം വീണ്ടും ശക്തമാകുന്നത്.