വിവാഹം കഴിച്ച യുവതിയെ മുന്‍പ് കല്യാണം ഉറപ്പിച്ചിരുന്നയാള്‍ തട്ടിക്കൊണ്ടുപോയി

0 second read

ആലുവ: വിവാഹം കഴിച്ച യുവതിയെ മുന്‍പ് കല്യാണം ഉറപ്പിച്ചിരുന്നയാള്‍ തട്ടിക്കൊണ്ടുപോയി. പോലീസിന്റെ ഇടപെടല്‍ മൂലം രണ്ടു മണിക്കൂറിനുള്ളില്‍ യുവതിയെ കണ്ടെത്തി മോചിപ്പിച്ചു. ആലുവയില്‍ വെള്ളിയാഴ്ച വൈകീട്ട് മൂന്നേകാലോെടയായിരുന്നു സംഭവം. എടത്തല ശാന്തിഗിരി ആശ്രമത്തിനു സമീപം താമസിക്കുന്ന ഇരുപത് വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടു പോയത്.

പിതാവ് കാഞ്ഞിരപ്പള്ളി സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി എടത്തലയിലുള്ള വല്യുമ്മയുടെ വീട്ടിലാണ് യുവതിയുടെ താമസം. സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വാപ്പയുടെ സഹോദരി ഷിജി (35), നേരത്തെ കല്യാണം ഉറപ്പിച്ചിരുന്ന പേങ്ങാട്ടുശേരി വീട്ടില്‍ സെയ്തുകുടി വീട് മുക്താര്‍ (22), കടത്തിക്കൊണ്ടുപോകാനായി വാഹനം ഓടിച്ചിരുന്ന എടത്തല പാലൊളി വീട് പോത്ത് തൗഫീക് എന്ന തൗഫീക് (22) എന്നിവരാണ് കേസിലെ പ്രതികള്‍. തട്ടിക്കൊണ്ടുപോയ വാഹനം കണ്ടെടുക്കാനുണ്ടെന്ന് സി.ഐ. പറഞ്ഞു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

രണ്ടു മാസം മുന്‍പ് സമീപവാസിയുമായി കല്യാണം കഴിഞ്ഞ യുവതി ഭര്‍ത്താവിനോടൊപ്പമായിരുന്നു താമസം. ഇതിനിടെ വല്യുമ്മയ്ക്ക് അസുഖമാണെന്നും ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അമ്മായി ഷിജി യുവതിയോട് പറഞ്ഞു. ഭര്‍ത്താവിന്റെ ജ്യേഷ്ഠനും ഭാര്യക്കുമൊപ്പം ആശുപത്രിയിലെത്തി. പുറത്ത് സംസാരിച്ചു നില്‍ക്കവേ യുവതിയെ കാറിലേക്ക് ഷിജി വലിച്ചുകയറ്റുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവര്‍ ഇതു കണ്ട് തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍, അവര്‍ ഉടന്‍ തന്നെ സംഭവം പോലീസിനെ വിളിച്ച് അറിയിച്ചു. തൗഫീക്കാണ് മാരുതി റിറ്റ്സ് കാര്‍ ഓടിച്ചിരുന്നത്. വഴിക്കുവച്ചാണ് മുക്താര്‍ കാറില്‍ കയറിയത്.

ഉടനെ പോലീസ് ആശുപത്രിയിലെത്തിയെങ്കിലും വല്യുമ്മയെ അവിടെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് വാഴക്കുളത്തുള്ള വീട്ടില്‍ വച്ച് പോലീസ് ഷിജിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ ഭാഗത്തേക്കാണ് യുവതിയെ കൊണ്ടുപോയത്. പോലീസ് തങ്ങളുടെ പിന്നാലെയുണ്ടെന്ന് അറിഞ്ഞ മുക്താര്‍ കീഴടങ്ങാന്‍ തീരുമാനിച്ച് തിരിച്ചു വരികയായിരുന്നു. എടത്തലയില്‍ വച്ച് മുക്താറിനെയും യുവതിയെയും ഇറക്കിവിട്ട ശേഷം കാറുമായി തൗഫീക് കടന്നുകളഞ്ഞു. മുക്താറിനെയും യുവതിയെയും പോലീസ് കണ്ടെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

തൗഫീക്കിനെ പിന്നീട് എടയപ്പുറത്തു നിന്ന് പോലീസ് പിടികൂടി. ടിപ്പര്‍ ലോറി ഡ്രൈവറാണ് മുക്താര്‍. തൗഫീക് നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

യുവതിയെ തട്ടിക്കൊണ്ടുപോയതിന് മൂന്നു പേരുടെയും പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ആലുവ ഡിവൈ.എസ്.പി. കെ.ബി. പ്രഫുലചന്ദ്രന്‍, സി.ഐ. വിശാല്‍ ജോണ്‍സണ്‍, എസ്.ഐ. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വേഗത്തില്‍ നടപടിയെടുത്ത് യുവതിയെ കണ്ടെത്തിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…