കോഴഞ്ചേരി: ഒരുമിച്ചിരുന്ന മദ്യപിച്ച സുഹൃത്തുക്കള്‍ ബാറിന് പുറത്തിറങ്ങി ശംഭു ആവശ്യപ്പെട്ട് തര്‍ക്കം. നല്‍കാന്‍ മടിച്ചപ്പോഴുണ്ടായ സംഘട്ടനത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒപ്പം മദ്യപിച്ച, സുഹൃത്തുക്കളായ രണ്ടു പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴഞ്ചേരി മേലുകര മുരുപ്പ് കാലായില്‍ ഡിലു എസ്. നായരാ(25) ണ് മരിച്ചത്. സുഹൃത്തുക്കളായ ഷിബിന്‍ (24), വിഷ്ണു (27) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഷിബിനാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പതിനൊന്നോടെ
കോഴഞ്ചേരി പാലത്തിനു സമീപം ഡിലുവിനെ കുത്തേറ്റ നിലയില്‍ കാണുകയായിരുന്നു. വിവരം അറിഞ്ഞ് ആറന്മുള പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. കോഴഞ്ചേരിയിലെ ബാര്‍ ഹോട്ടലില്‍ ഇരുന്ന് മദ്യപിച്ച് പുറത്തിറങ്ങിയ ശേഷമായിരുന്നു സംഭവം. മദ്യപിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ലഹരി വര്‍ധിപ്പിക്കാന്‍ ശംഭു എന്ന പുകയില പദാര്‍ഥം ഷിബിനും വിഷ്ണുവും ഡിലുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡിലു നല്‍കിയില്ല. ബാറിന് പുറത്തു വന്ന ശേഷം ഇതേപ്പറ്റി ചോദിച്ച് വാക്കു തര്‍ക്കമുണ്ടായി. ഇതിനിടെ ഡിലു ഷിബിനെ മര്‍ദിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഈ സമയം കൈയിലിരുന്ന കത്തി കൊണ്ട് ഷിബിനാണ് കുത്തിയത്. കുത്തേറ്റ് വീണ ഡിലുവിനെ അവിടെ ഉപേക്ഷിച്ച് പ്രതികള്‍ സ്ഥലം വിട്ടു. ചോര വാര്‍ന്നാണ് മരണം. പ്രതികളെ ചോദ്യംചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. കോഴഞ്ചേരി സ്റ്റാന്‍ഡിലെ പെട്ടിഓട്ടോ ഡ്രൈവറായിരുന്നു ഡിലു.