അടൂര്‍: ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നയാളെ അടൂര്‍ പോലീസ് പിടികൂടി. പറക്കോട് ടി.ബി.ജങ്ഷനു സമീപം കല്ലിക്കോട്ട് പടിഞ്ഞാറ്റേതില്‍ തുളസീധരനെ(46)യാണ് അടൂര്‍ സി.ഐ. സന്തോഷ് കുമാര്‍, എസ്.ഐ. ജി.രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
തിങ്കളാഴ്ച രാത്രി അടൂര്‍ ടൗണ്‍ യു.പി.എസ്. വരാന്തയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ 4500 രൂപയുടെ നാണയങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി വെണ്ടാര്‍ ഹനുമാന്‍ ക്ഷേത്രത്തില്‍നിന്നും രക്തചാമുണ്ഡി മൂര്‍ത്തി കരിനീലിക്ഷേത്രത്തില്‍നിന്നും മോഷ്ടിച്ച പണമാണ് കൈവശമുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
അടൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള മിത്രപുരം തേവര്‍മല ക്ഷേത്രത്തിലെ കാണിക്കവഞ്ചി മേയ് മാസത്തില്‍ കുത്തിത്തുറന്ന് പണം അപഹരിക്കുകയും പന്നിവിഴ പീടികയില്‍ ഭഗവതിക്ഷേത്രം വക കോട്ടപ്പുറം ജങ്ഷനിലെ കാണിക്കവഞ്ചിയില്‍നിന്ന് ഏപ്രിലില്‍ പണം അപഹരിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍നിന്ന് 2500 രൂപയുടെ നാണയങ്ങളും കണ്ടെടുത്തു.
അടൂരില്‍ 2008-ല്‍ നടന്ന റബര്‍ഷീറ്റ് മോഷണക്കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടൂര്‍, ഇടുക്കി, കരിമണ്ണൂര്‍, കാളിയാര്‍, കാഞ്ഞാര്‍ എന്നീ സ്റ്റേഷനുകളിലായി 13 കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അഡീഷനല്‍ എസ്.ഐ. രതീഷ് കുമാര്‍, എ.എസ്.ഐ. വിമല്‍രാജ്, സി.പി.ഒ. പ്രദീപ്, ഷൈജു, ബിജു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.