അടൂര്‍ : കേരളത്തിലെ പ്രധാന നിരത്തുകളിലൂടെ കടന്നുപോകുന്ന ചരക്ക് ലോറികളില്‍ നിന്നും അതിവിദഗ്ദ്ധമായി പണം അപഹരിക്കുന്ന രണ്ടംഗസംഘത്തെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ചവറ ചെറുശ്ശേരിഭാഗം പ്രഹ്‌ളാദമന്ദിരം വീട്ടില്‍ നിന്നും തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണിക്കര ടോള്‍മുക്ക് സമീര്‍ മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന തടിയന്‍ ബിനു എന്നു വിളിക്കുന്ന ബിനു (38), ചേര്‍ത്തല അരൂക്കുറ്റി മാത്താനം കളപ്രയില്‍ വിനീത് കുമാര്‍ (27) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ ആറ്റിങ്ങല്‍ കോരാണിയില്‍ നിന്നും ഡി. വൈ. എസ്. പി ആര്‍. ജോസിന്റെ നിര്‍ദ്ദേശപ്രകാരം ഏനാത്ത് എസ്. ഐ ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ കമ്പത്തുനിന്നും വാഴക്കുലയുമായി തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍പോയി തിരികെ മടങ്ങിയ ലോറി എം. സി റോഡില്‍ പുതിശേരിഭാഗത്തെ റോഡ് സൈഡില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഉറങ്ങുന്നതിനിടെ ലോറിയില്‍ നിന്നും 75,000 രൂപ മോഷ്ടിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായത്. ഡ്രൈവര്‍ ഇടുക്കി ഉടമ്പുഞ്ചോല സ്വദേശി 29 ന് രാത്രി എട്ടരയോടെയാണ് പുതുശേരിഭാഗത്ത് എത്തി ലോറി നിര്‍ത്തി ഉറങ്ങിയത്. 30 ന് പുലര്‍ച്ചെ ഉണര്‍ന്ന് വാഹനം വിടുന്നുതിന് മുന്‍പ് വാഹനത്തിന്റെ ഡാഷില്‍ സൂക്ഷിച്ചിരുന്ന പണം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി തുറന്ന് നോക്കിയപ്പോഴാണ് നഷ്ടമായ വിവരം അറിയുന്നത്. ഇതിനെ തുടര്‍ന്ന് ഇയാള്‍ ഏനാത്ത് പൊലീസ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തശേഷം പൊലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും, സമാനസ്വഭാവത്തിലുള്ള മോഷണം നടത്തുന്ന സംഘത്തെ സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടാനായത്.
മാരാരിക്കുളം, പുന്നപ്ര, ആലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ, കൊരട്ടി, ചാലക്കുടി, മല്ലപ്പള്ളി സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ഇവര്‍ സമാനരീതിയില്‍ മോഷണം നടത്തിയ കേസുകളിലെ പ്രതികളാണ്. അപഹരിച്ചുകിട്ടുന്ന പണം വിനിയോഗിച്ച് ഒന്നാം പ്രതിയായ ബിനു ആറ്റിങ്ങല്‍ കോരാണിയില്‍ എന്‍. എച്ച് റോഡ് സൈഡില്‍ ഒരുകോടിയില്‍അധികം രൂപ ചെലവുവരുന്ന കെട്ടിടം നിര്‍മ്മിച്ചുവരികയാണ്. ഒരാഴ്ചമുന്‍പ് ഒരുലക്ഷം രൂപയുടെ ബൈക്കും ഇയാള്‍ വാങ്ങിയിരുന്നു. ഇയാളുടെ പിക്ക്വാനിലാണ് നാടാകെ കറങ്ങിനടന്ന് മുട്ടലോറികള്‍, ശര്‍ക്കര ലോറികള്‍ തുടങ്ങി ദീര്‍ഘദൂരയാത്ര നടത്തുന്ന വാഹനങ്ങള്‍ റോഡ് സൈഡില്‍ ഒതുക്കിയിട്ട് ഡ്രൈവര്‍മാര്‍ ഉറക്കുന്നതിനിടെ പണം അപഹരിക്കുന്നത്. 2016 -ല്‍ പുന്നപ്രയില്‍ ശര്‍ക്കരലോറി തടഞ്ഞുനിര്‍ത്തി ഡ്രൈവറെ വലിച്ച് താഴെയിട്ട് തലയ്ക്കടിച്ച് 1.05 ലക്ഷം രൂപയും, മല്ലപ്പള്ളിയില്‍ കഴിഞ്ഞ വര്‍ഷം മുട്ടലോറിയില്‍ നിന്നും 3 ലക്ഷം രൂപ അപഹരിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അപഹരിക്കുന്നത് പണമായതിനാല്‍ കണ്ടെത്തുക പൊലീസിന് ബുദ്ധിമുട്ടാണ്. ഇയാള്‍ക്ക് ബാങ്ക് അക്കൗണ്ടുകളും ഇല്ല. വസ്തുവകകളും വാഹനങ്ങളും വാങ്ങുന്നത് ഭാര്യയുടെ പേരിലാണ്. തമിഴ്‌നാട്ടിലും ഇയാള്‍ക്ക് വസ്തുക്കള്‍ ഉള്ളതായും സൂചനയുള്ളതായി പൊലീസ് പറഞ്ഞു. മോഷണത്തിനായി കൊണ്ടുനടക്കുന്ന പിക്ക്അപ് വാനും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.