കൊല്ലം: പ്രണയവിവാഹത്തിന്റെ പേരില്‍ നടന്ന ദുരഭിമാനക്കൊല കേരളത്തെ നടുക്കിയിരിക്കുകയാണ്. കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ടില്‍ കെവിന്‍ പി. ജോസഫിനെ(23)യാണ് ഭാര്യാ സഹോദരനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. തന്റെ സഹോദരന്‍ തന്നെയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് യുവതി പറഞ്ഞിരുന്നു.കോട്ടയത്ത് ഒരുമിച്ചു പഠിക്കുന്ന വേളയില്‍ തുടങ്ങിയ പ്രണയമാണ് ദുരന്തത്തില്‍ അവസാനിച്ചത്.
കോട്ടയത്തെ പഠനകാലത്ത് തുടങ്ങിയ പ്രണയം മൂന്ന് വര്‍ഷം നീണ്ടു. ഒരേ സമുദായക്കാരായിരുന്നു ഇരുവരും. അതുകൊണ്ടു തന്നെ തങ്ങളുടെ പ്രണയം വീട്ടുകാരും അംഗീകരിക്കുമെന്നാണ് ഇരുവരും കരുതിയത്. എന്നാല്‍, കെവിന്റെ വീട്ടുകാര്‍ അംഗീകരിച്ചെങ്കിലും നീനുവിന്റെ വീട്ടുകാര്‍ എതിര്‍ത്തു. ഇവര്‍ മറ്റൊരു വിവാഹം നടത്താന്‍ യുവതിയെ നിര്‍ബന്ധിച്ചു. ഇതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഇവരുമായി സംസാരിച്ചിരുന്നു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്ന് അറിയിച്ചു. ഇതില്‍ പ്രകോപിതരായ ബന്ധുക്കള്‍ പെണ്‍കുട്ടിയെ പൊലീസിന്റെ മുന്നില്‍വച്ചു മര്‍ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങി. പൊലീസിന് മുന്നില്‍ വെച്ചുതന്നെ ആക്രമണം ഉണ്ടായെങ്കിലും പൊലീസ് ഈ വിഷയത്തില്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനം പ്രായപൂര്‍ത്തിയായ ഇരുവരും അറിയിച്ചെങ്കിലും ബന്ധുക്കള്‍ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുകയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭീഷണി തുടര്‍ന്നു. ശനിയാഴ്ച രാവിലെയും ഇവരെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതിനിടെ, നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിന്‍ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിന്‍ കഴിഞ്ഞിരുന്നത്.
ഞായറാഴ്ച്ച പുലര്‍ച്ചെയോടെ മൂന്നു കാറുകളിലായി 10 പേര്‍ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തശേഷം കാറില്‍ കയറ്റി കൊണ്ടുപോയി. കാറിലും മര്‍ദനം തുടര്‍ന്നു. അനീഷും കെവിനും വെവ്വേറെ കാറുകളിലായിരുന്നു. സമീപമുള്ള വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും ഗുണ്ടാസംഘം ആയുധങ്ങളുമായി ഭീഷണി മുഴക്കിയതിനാല്‍ പുറത്തിറങ്ങിയില്ല. ഇവരാണു മറ്റു നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടതോടെ അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തി റോഡില്‍ ഇറക്കിവിട്ടു. സാരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കാഴ്ച വൈകല്യമുമുള്ള അനീഷിന്റെ കണ്ണിനു ഗുണ്ടാസംഘത്തിന്റെ മര്‍ദനത്തില്‍ വീണ്ടും പരുക്കേറ്റിട്ടുണ്ട്.
ഇതിനിടെ മകളെ കാണാനില്ലെന്നു പിതാവ് ചാക്കോ ഇന്നലെ വൈകീട്ടു പരാതി നല്‍കിയതോടെ നീനുവിനെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കി. കെവിനൊപ്പം പോകണമെന്നു നീനു ബോധിപ്പിച്ചതിനാല്‍ കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. ഇന്ന് രാവിലെയാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. തന്റെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് നീനു തന്നെ പരാതി നല്‍കിയെങ്കിലും അത് മുഖവിലക്കെടുക്കാന്‍ പൊലീസ് തയ്യാറാകാതെ പോയതാണ് കെവിന്റെ ജീവന്‍ നഷ്ടമായത്.
സംഭവത്തില്‍ പൊലീസ് വീഴ്ച്ചയുണ്ടെന്ന ആരോപണം ശക്തമാണ്. നീനുവിന്റെ പരാതി അവഗണിക്കുകയാണ് കോട്ടയം ഗാന്ധിനഗര്‍ എസ്ഐ ചെയ്തത്. എസ്ഐ. എം.എസ്. ഷിബുവിനോട് ജില്ലാ പൊലീസ് മേധാവി വിശദീകരണം തേടി. പ്രതികളില്‍നിന്നു പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്പി അന്വേഷിക്കും. പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ വിവാഹത്തിന്റെ രേഖകള്‍ കാണിച്ചെങ്കിലും പിതാവിന്റെ കൂടെ പോകാന്‍ പൊലീസ് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.