അടൂര്‍: മരുതിമൂട് എസ്എപി റോഡരികില്‍ ‘ലെമണ്‍’ ഹോട്ടല്‍ മാലിന്യം തള്ളുന്ന സംഘത്തിലെ മൂന്നു പേരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അടൂരിലെ ‘ലെമണ്‍’ഹോട്ടലിലെ മാലിന്യം എസ്എപി റോഡരികില്‍ സ്ഥിരമായി തള്ളുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയില്‍ നാട്ടുകാര്‍ മാലിന്യം തള്ളുന്ന സംഘത്തെ കണ്ടെത്താന്‍ എസ്എപി റോഡില്‍ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. അപ്പോഴാണ് മാലിന്യവുമായി വന്ന ജീപ്പ് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടഞ്ഞു നിര്‍ത്തി ജീപ്പില്‍ ഉണ്ടായിരുന്ന മൂന്നു ബംഗാള്‍ സ്വദേശികളെ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചു. ഹോട്ടലില്‍ നിന്നുള്ള മാലിന്യങ്ങള്‍ നഗരസഭയില്‍ നിന്നുള്ള ശുചീകരണ തൊഴിലാളികള്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍, ഒട്ടുമിക്ക ഹോട്ടലുകളും മാലിന്യം സ്വയം സംസ്‌കരിക്കാമെന്നു പറഞ്ഞ് നഗരസഭാ അധികൃതരെ തെറ്റിധരിപ്പിച്ച് അധികം ആള്‍പ്പാര്‍പ്പില്ലാത്ത ഭാഗത്തെ റോഡരികില്‍ രാത്രിയില്‍ വാഹനത്തില്‍ കൊണ്ടു തള്ളിയിട്ടു പോവുകയാണ് പതിവ്. ഇതിനെതിരെ നഗരസഭ ആരോഗ്യ വിഭാഗം നടപടി എടുക്കാത്തതാണ് റോഡരികുകളില്‍ മാലിന്യം തള്ളുന്ന രീതി കൂടി വരുന്നത്.