കോഴിക്കോട്: നിപ്പ വൈറസ് പകര്‍ത്തിയത് വവ്വാലുകളാണെന്നു പറയാനാകില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. സാംപിളുകള്‍ ഭോപ്പാലിലെ അതിസുരക്ഷാ ലാബില്‍ പരിശോധിക്കും. മൃഗങ്ങളില്‍ ഇതുവരെ വൈറസ് ബാധ കണ്ടെത്താനായിട്ടില്ലെന്നും വൈറസിന്റെ ഉറവിടം സംബന്ധിച്ച് വെള്ളിയാഴ്ച സ്ഥിരീകരണം നല്‍കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
നിപ്പ വൈറസിനെക്കുറിച്ച് ആശങ്ക വേണ്ടെന്നു ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. വൈറസ് ബാധ പ്രാദേശികമായി ഒതുങ്ങുന്നതാണെന്നു ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഡി.ടി.മൗര്യ പറഞ്ഞു. എല്ലാ വവ്വാലുകളും വൈറസ് വാഹകരല്ലെന്നും വവ്വാലുകളില്‍ത്തന്നെ വളരെ ചെറിയൊരു വിഭാഗം മാത്രമാണു നിപ്പ വൈറസ് വാഹകരാകുന്നതെന്നും ഈ വൈറസുകള്‍ വവ്വാലുകള്‍ക്കു രോഗമുണ്ടാക്കുന്നില്ലെന്നും ഡോ. മൗര്യ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക പ്രദേശത്തുള്ള മൃഗങ്ങളിലും മനുഷ്യരിലും മാത്രമൊതുങ്ങുകയെന്നതാണു നിപ്പ വൈറസ് ബാധയുടെ സവിശേഷതയെന്നും വവ്വാല്‍ വിസര്‍ജ്യവുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായാല്‍ മാത്രമേ രോഗം ബാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നിപ്പ വൈറസ് ബാധ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിക്കും. സെക്രട്ടറി പ്രീതി സുദന്‍, ഡിജി (ഐസിഎംആര്‍) ഡോ. ബല്‍റാം ഭാര്‍ഗവ എന്നിവരുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
അതേസമയം, ലാബ് പരിശോധനയില്‍ 12 പേര്‍ക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 10 പേരാണു മരിച്ചത്. എട്ടുപേര്‍ കോഴിക്കോട് ജില്ലക്കാരും രണ്ടുപേര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരുമാണ്. രണ്ടുപേര്‍ ഇപ്പോള്‍ ചികില്‍സയിലുണ്ട്. മൊത്തം 18 പേരുടെ സാംപിള്‍ പരിശോധിച്ചതില്‍ ആറുപേര്‍ക്ക് വൈറസ് ബാധയില്ലെന്നും കണ്ടെത്തി.