നിപ്പാ വൈറസ്; പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0 second read

പാലക്കാട്: കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് മൂന്നു പേര്‍ മരിച്ചതു നിപ്പാ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ആരോഗ്യ മന്ത്രാലത്തെയും ലോകാരോഗ്യ സംഘടനയെയും വിവരം അറിയിച്ചിട്ടുണ്ട്. പരിഭ്രാന്തി ആവശ്യമില്ല. ബോധവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യ മന്ത്രിയും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും നേരിട്ട് ബോധവല്‍ക്കരണ ക്യാംപിനു നേതൃത്വം നല്‍കും. ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ എല്ലായിടത്തും ജാഗ്രത പാലിക്കണം. ചികിത്സയെക്കുറിച്ച് ആരും വേവലാതിപ്പെടേണ്ട. സര്‍ക്കാര്‍ സുസജ്ജമായ സംവിധാനമൊരുക്കും. സ്വകാര്യ ആശുപത്രികള്‍ അടക്കം എല്ലാരും ഒന്നിച്ചു നില്‍ക്കണമെന്നും പിണറായി ചൂണ്ടിക്കാട്ടി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിപ്പാ വൈറസ് ബാധ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. രോഗം പടരാതിരിക്കാനും രോഗം ബാധിച്ചവരെ രക്ഷപ്പെടുത്താനും ആരോഗ്യവകുപ്പ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. നിപ്പാ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ആരോഗ്യമന്ത്രിയും തൊഴില്‍ മന്ത്രിയും കോഴിക്കോട്ട് ക്യാമ്പ് ചെയ്ത് വൈറസ്ബാധ നേരിടുന്നതിനുളള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

മരണപ്പെട്ട നാലുപേരുടെ സ്രവം നേരത്തെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചതില്‍ മൂന്നു പേരുടെ മരണം വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംശയമുളള മറ്റുളളവരുടെയും സാമ്പിള്‍ ശേഖരിച്ച് അയച്ചിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.

19ന് ശനിയാഴ്ചയാണ് സംശയകരമായ മരണം ശ്രദ്ധയില്‍പ്പെട്ടത്. അസാധാരണ മരണമായതുകൊണ്ട് അന്നുതന്നെ കേന്ദ്രആരോഗ്യമന്ത്രായലയവുമായും ലോകാരോഗ്യസംഘടനയുമായും ബന്ധപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധ മെഡിക്കല്‍ സംഘം കോഴിക്കോട്ടെത്തിയിട്ടുണ്ട്. കേന്ദ്രസംഘവുമായി യോജിച്ചും അവരുടെ മാര്‍ഗ്ഗനിര്‍ദേശമനുസരിച്ചും നിപ വൈറസ് അമര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും. പനിബാധിച്ച് എത്തുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് മാത്രമാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെങ്കിലും സംസ്ഥാനമാകെ ജാഗ്ര പുലര്‍ത്താന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും അവിടെ തുറന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ അപ്പപ്പോള്‍ അവലോകനം ചെയ്ത് നടപടി സ്വീകരിച്ചു വരുന്നു.

ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ എടുത്ത് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

encrypted-

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ശരണംവിളി മുഴങ്ങി: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നു പുറപ്പെട്ടു

പന്തളം: ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വലിയ കോയിക്കല്‍ ക്ഷേ…