കോഴിക്കോട്: നിപ്പാ വൈറസിനെ നേരിടാന്‍ നടപടികള്‍ ദ്രുതഗതിയില്‍ തുടരുന്നു. കേന്ദ്ര സംഘം പേരാമ്പ്ര ചങ്ങാരോത്തെത്തി പരിശോധന നടത്തി 60 പേരുടെ രക്തസാംപിളുകള്‍ ശേഖരിച്ചു. അതിനിടെ, വായുവിലൂടെയും വൈറസ് പകരാമെന്നും കേന്ദ്രസംഘം അറിയിച്ചു. ഒരു മീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ വൈറസിനു കഴിയില്ല. പ്രതിരോധശേഷി കൂടിയവര്‍ക്ക് രോഗം വരില്ലെന്നും കേന്ദ്രസംഘം വ്യക്തമാക്കി.
ഡല്‍ഹി എയിംസിലെ വിദഗ്ധസംഘം നാളെ കോഴിക്കോട്ടെത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അറിയിച്ചു. ആവശ്യമെങ്കില്‍ ലോകാരോഗ്യ സംഘടനയെയും സമീപിക്കും. നിപ്പാ വൈറസ് വായുവിലൂടെ പകരില്ലെന്നേ നേരത്തെ ആരോഗ്യമന്ത്രി വിശദീകരിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ആരോഗ്യസംഘം ഇത് തള്ളി. നിപ്പ വൈറസ് തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇന്നലെ പനി ബാധിച്ച് മരിച്ച ഒരാള്‍ക്ക് കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നിപ്പ ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി. പേരാമ്പ്രയില്‍ മരിച്ച ജാനകിക്കാണു വൈറസ് ബാധ കണ്ടെത്തിയത്. അതിനിടെ, രണ്ടു നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി ചികിത്സ തേടി. നിപ്പാ വൈറസ് ലക്ഷണങ്ങളോടെ ഒരാള്‍കൂടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയത് പരിഭ്രാന്തി പരത്തി. രണ്ടു നഴ്സുമാരടക്കം ഒന്‍പതുപേര്‍ ആണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുടെ ധനസഹായം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു.
നിപ്പ വൈറസിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രകീര്‍ത്തിച്ച കേന്ദ്ര ആരോഗ്യ സംഘം ആശങ്കപ്പെടാനില്ലെന്നും വ്യക്തമാക്കി. എങ്കിലും കരുതല്‍ വേണം. വവ്വാലില്‍നിന്നാകാം വൈറസ് പകര്‍ന്നതെന്നാണു നിഗമനം. എങ്കിലും മറ്റു സസ്തനികളില്‍നിന്നും അണുക്കള്‍ പകരാന്‍ സാധ്യതയുണ്ട്. മൃഗങ്ങളില്‍നിന്നും ആകാം. ഇതു തിരിച്ചറിയാന്‍ കൂടുതല്‍ പഠനം ആവശ്യമാണ്. ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നു ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു. ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു.