ക്യാന്‍സര്‍ ബാധിച്ച് മാതാവ് വാടക വീട്ടില്‍ കിടക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ അവരുടെ കുട്ടികളെ പീഡിപ്പിച്ചു

0 second read

അടൂര്‍: മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെയും സഹോദരനെയും കഴുത്തില്‍ കത്തി വച്ച് മാറി മാറി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ബന്ധുവും ഫിസിയോതെറാപ്പി വിദ്യാര്‍ഥിയുമായ യുവാവ് പിടിയില്‍. അടൂര്‍ ആനന്ദപ്പള്ളി പന്നിവിഴ സ്രാമ്പിക്കല്‍ ആലുമ്മൂട്ടില്‍ സ്റ്റെജി ബാബു (20)വിനെയാണ് ഇന്നലെ രാത്രി ഡിവൈഎസ്പി ആര്‍ ജോസ്, ഇന്‍സ്പെക്ടര്‍ ജി സന്തോഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആലപ്പുഴയില്‍ നിന്ന് പിടികൂടിയത്. മംഗലാപുരത്ത് സിറ്റി കോളജില്‍ വിദ്യാര്‍ഥിയായിരുന്ന സ്റ്റെജി പൊലീസ് കേസെടുത്തത് അറിഞ്ഞ് വക്കീലിന്റെ നിര്‍ദേശപ്രകാരം ഒളിവിലായിരുന്നു. മൊബൈല്‍ടവറുകള്‍ നിരീക്ഷിച്ചാണ് ഇന്നലെ രാത്രി പ്രതിയെ പിടികൂടിയത്.

രണ്ടു വര്‍ഷമായി പ്രതി 13 വയസുള്ള പെണ്‍കുട്ടിയെയും, 10 വയസുള്ള ആണ്‍കുട്ടിയെയും പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടികളുടെ മാതാവ് ക്യാന്‍സര്‍ ബാധിച്ച് അടൂരിലെ വാടക വീട്ടില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. പിതാവ് വിദേശത്ത് ജോലിയിലും. മാതാവിന്റെ ചികില്‍സാര്‍ഥം ആശുപത്രിയില്‍ പോവുമ്പോള്‍ കുട്ടികളെ ബന്ധുവായ സ്റ്റെജിയുടെ വീട്ടില്‍ ഏല്‍പ്പിക്കുമായിരുന്നു. ഇവിടെ വച്ച് നീലച്ചിത്രങ്ങള്‍ കാട്ടിയാണ് പീഡനം നടത്തി വന്നത്. പിന്നീട് കുട്ടികള്‍ മാതാവിനൊപ്പം താമസിക്കുന്ന വാടക വീട്ടിലും വച്ച് പീഡിപ്പിച്ചു. ആദ്യമൊക്കെ കുട്ടികള്‍ എതിര്‍പ്പു പ്രകടിപ്പിച്ചപ്പോള്‍ കഴുത്തില്‍ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഒരു തവണ വിസമ്മതിച്ചപ്പോള്‍ തലയിണ മുഖത്ത് അമര്‍ത്തി കൊല്ലാന്‍ നോക്കിയെന്നും കുട്ടികള്‍ ചൈല്‍ഡ് ലൈനിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ മാതാവ് മരിക്കുന്നതു വരെ ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നു. മാതാവിന്റെ മരണ ശേഷം മറ്റാരും നോക്കാനില്ലാത്തതിനാല്‍ പിതാവ് പെണ്‍കുട്ടിയെ തകഴിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു ആശ്രമത്തില്‍ ഏല്‍പ്പിച്ചു. ആണ്‍കുട്ടിയെ കോഴിക്കോട് താമരശേരിയിലുള്ള സഹോദരിയുടെ വീട്ടിലുമാക്കി. ആശ്രമത്തില്‍ വച്ച് പെണ്‍കുട്ടിയാണ് പീഡനകഥ കന്യാസ്ത്രീകളോട് പറഞ്ഞത്. അവര്‍ ഈ വിവരം പിതാവിനെ അറിയിക്കുകയും രണ്ടു പേരെയും കൂട്ടി കോഴിക്കോട് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയുമായിരുന്നു.

കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനകഥ പുറത്തു വന്നത്. തന്റെ ദൃശ്യങ്ങള്‍ സ്റ്റെജി പകര്‍ത്തി കമ്പ്യൂട്ടറില്‍ ഇട്ടിരുന്നുവെന്നും പിന്നീട് അതിന്റെ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചുവെന്നും ആണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ അധികൃതരോട് പറഞ്ഞു. ചൈല്‍ഡ് ലൈനിന്റെ പരാതി പ്രകാരം കഴിഞ്ഞ മാസം 22 ന് താമരശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി കൊടുപ്പിക്കുകയും ചെയ്തു. പീഡനം നടന്നത് അടൂര്‍ സ്റ്റേഷന്റെ പരിധിയില്‍ ആയതിനാല്‍ ഒരാഴ്ച മുമ്പാണ് കേസ് ഇവിടേക്ക് കൈമാറിയത്. വിവരം അറിഞ്ഞ യുവാവ് കോളജില്‍ നിന്ന് മുങ്ങി സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇന്നലെ രാത്രിയാണ് അറസ്റ്റുണ്ടായത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…