അടൂര്‍ : നിരോധിത പുകയില ഉല്‍പ്പന്നങ്ങകളുമായി മൊത്തകച്ചവടക്കാരന്‍ പിടിയില്‍. നെല്ലിമുകള്‍ മുകളുവിള വടക്കേതില്‍ ജയകുമാര്‍ എന്നു വിളിക്കുന്ന നെല്ലിമുകള്‍ ജയന്‍ (45) ആണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ സെന്‍ട്രല്‍ ജംഗ്ഷന് സമീപമുള്ള സ്വകാര്യ പേ – ആന്റ് പാര്‍ക്കില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. സന്തോഷ് കുമര്‍, എസ്. ഐ രമേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ മൂന്ന് ചാക്കിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ചാക്കിനുള്ളില്‍ കറുത്ത പ്‌ളാസ്റ്റിക് കവറുകളില്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് നല്‍കാനായി ഇവ കരുതിയിരുന്നത്. വാഹനത്തില്‍ സൂക്ഷിച്ചിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പേ ആന്റ് പാര്‍ക്കില്‍വച്ചാണ് ഏജന്റന്‍മാര്‍ക്ക് രഹസ്യവില്‍പ്പന നടത്തിവന്നത്. 5 രൂപയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നും വാങ്ങുന്ന ഇവ 60 രൂപയ്ക്കാണ് വിറ്റുവരുന്നത്. സ്‌കൂള്‍, കോളേജ് കുട്ടികളെ ലക്ഷ്യമിട്ടാണ് ഇവ വില്‍പ്പന നടത്തിവരുന്നത്. കൂടാതെ അന്യ സംസ്ഥാന തൊഴിലാളികളും ഇതിന്റെ ഉപോക്താക്കളാണ്.
കഴിഞ്ഞ മാര്‍ച്ച് 24 ന് 10,500 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ മറ്റൊരു കാറില്‍ നിന്നും അടൂര്‍ പൊലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാറില്‍ ഉണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലേയും ഒന്നാം പ്രതിയാണ് ഇപ്പോള്‍ പിടിയിലായ ജയനെന്ന് പൊലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞുവരവേയാണ് ഇയാള്‍നേരിട്ട് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നു എന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. ആവശ്യക്കാര്‍ക്ക് ആഡംഭര വാഹനങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുനല്‍കി വന്‍ലാഭമാണ് ഇയാള്‍ ഏറെനാളായി ഉണ്ടാക്കിവരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ വാഹനം പിടികൂടിയതോടെയാണ് കൈമാറ്റം പൊലീസ് സംശയിക്കാതിരിക്കുവാന്‍ പേ ആന്റ് പാര്‍ക്കുകളിലേക്ക് മാറ്റിയത്. പിടിക്കപ്പെടാതിരിക്കാന്‍ അടിക്കടി ഇവര്‍ കൈമാറ്റ സ്ഥലങ്ങള്‍ മാറ്റികൊണ്ടിരിക്കുന്നതാണ് മറ്റൊരു തന്ത്രം. എസ്. പി യുടെ ഷാഡോ പൊലീസില്‍പ്പെട്ട എ. എസ്. ഐ രാധാകൃഷ്ണന്‍, സി. പി. ഒ മാരായ വിനോദ്, ശിവപ്രസാദ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.