കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള വഴിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ കാറിന് വഴിതെറ്റി. ഏപ്രില്‍ 15-ന് രാത്രി കണ്ണൂരില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള വഴിക്കാണ് പോലീസിന് പിഴവ് പറ്റിയത്.കോരപ്പുഴ പാലത്തില്‍നിന്ന് വെസ്റ്റ്ഹില്‍ ചുങ്കം വഴി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്കായിരുന്നു മുഖ്യമന്ത്രിക്കായി നിശ്ചയിച്ച വഴി. അവിടെനിന്ന് പിന്നീട് വിമാനത്താവളത്തിലേക്ക് പോകാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍ കോരപ്പുഴ പാലം കടക്കാതെ വെങ്ങളം പാലോര്‍മല വഴി വേങ്ങേരി തടമ്പാട്ടുതാഴത്തേക്കുള്ള റോഡിലൂടെ കാരപ്പറമ്പ് കടന്ന് ഗസ്റ്റ് ഹൗസിലേക്കാണ് ഞായറാഴ്ച മുഖ്യമന്ത്രിയെ എത്തിച്ചത്.
വടകര റൂറല്‍ പോലീസിന്റെ പൈലറ്റ് ഓഫീസര്‍ക്ക് ദിശതെറ്റിയതാണ് മുഖ്യമന്ത്രി വഴിമാറിപ്പോകാന്‍ കാരണം. നഗരപരിധിയായ കോരപ്പുഴ പാലത്തിന് സമീപത്തുനിന്ന് സിറ്റിപോലീസ് അകമ്പടി വാഹനങ്ങളുടെ സഹായത്തോടെ മുഖ്യമന്ത്രിയെ ഗസ്റ്റ് ഹൗസിലേക്ക് എത്തിക്കാറാണ് പതിവ്. എന്നാല്‍ ഇതിന് വിപരീതമായിട്ടായിരുന്നു ഗസ്റ്റ് ഹൗസിലെത്തിയത്. വടകര റൂറല്‍ പോലീസ് തന്നെയാണ് ഇവിടേക്ക് അകമ്പടി വന്നത്.