തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന് സിപിഐഎമ്മുമായി ബന്ധമുണ്ടാക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. രാഷ്ട്രീയ ഫാസിസം കൈമുതലാക്കിയ സിപിഐഎമ്മുമായി യോജിക്കാനാവില്ലെന്നും എം.എം ഹസന്‍ വ്യക്തമാക്കി.
ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സഹകരണത്തിന് വാതില്‍ തുറന്നിട്ട് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരമായിരുന്നു. കോണ്‍ഗ്രസുമായി യാതൊരു ധാരണയും വേണ്ട എന്നത് ഒഴിവാക്കി യാതൊരു രാഷ്ട്രീയ സഖ്യവും വേണ്ട എന്ന ഭേദഗതി ഉള്‍പ്പെടുത്തി. തിരഞ്ഞെടുപ്പ് വേളകളില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ക്ക് വഴിയൊരുക്കുന്നതാണ് സിപിഐഎമ്മിന്റെ പുതിയ രാഷ്ട്രീയ ലൈന്‍.
ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതര ജനാധിപത്യ പാര്‍ട്ടികളെ അണി നിരത്തണം. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമോ, മുന്നണിയോ, ധാരണയോ പോലും ഉണ്ടാക്കതെ ഇത് സാധിക്കണമെന്നായിരുന്നു കാരാട്ട് തയ്യാറാക്കിയ കരടില്‍. കോണ്‍ഗ്രസുമായി സഖ്യം വേണ്ട എന്നാല്‍ ധാരണ പോലും പാടില്ല എന്ന നിലപാടിനെയാണ് യച്ചൂരി എതിര്‍ത്തത്. പ്രതിപക്ഷ ഐക്യത്തിനുള്ള വാതില്‍ പൂര്‍ണ്ണമായും അടച്ചു കളയുന്നതാണ് ഈ നിര്‍ദേശമെന്നായിരുന്നു യച്ചൂരിയുടെ വാദം. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ട എന്നു മാത്രമാക്കി ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് കരട് തിരുത്തി.
ഇതോടെ കോണ്‍ഗ്രസുമായി പരസ്യ സഖ്യമില്ലെങ്കിലും തിരഞ്ഞെടുപ്പ് വേളകളില്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നീക്കുപോക്കുകള്‍ക്ക് വഴി തുറന്നു.