അടൂര്‍: പശ്ചിമബംഗാള്‍ സ്വദേശിയെ മര്‍ദ്ദിച്ച് പണം തട്ടിയ കേസില്‍ മൂന്നു പേരെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാംമൈല്‍ ശിവഗിരി കോളനിയില്‍ ബിനീഷ് ഭവനില്‍ ബിപിന്‍ (22), സുരേന്ദ്ര ഭവനില്‍ അക്ഷയ് (18), ഷണ്മുഖഭവനില്‍ ശരത് (18) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ അഞ്ചിന് ആലപ്പുഴ തകഴി ബ്സ് സ്റ്റാന്റില്‍ നിന്ന് ഏനാത്ത് എസ്.ഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി ഏഴാംമൈല്‍ ശിവഗിരി കോളനിയില്‍ ശോഭന മന്ദിരത്തില്‍ ബാബുജി എന്ന ദിനേശ് (25) ഒളിവിലാണ്. പശ്ചിമബംഗാള്‍ മുജദി(33)നെ ഏപ്രില്‍ 14ന് രാത്രി 10ന് ഏഴാംമൈലില്‍ നാലംഗസംഘം ആക്രമിച്ച് 50000 രൂപ തട്ടിയെടുത്തതായാണ് കേസ്.
തൊഴിലാളികളെ നല്‍കുന്ന കരാറുകാരനായ മുജദ് ശമ്പളം നല്‍കാന്‍ കൈവശം വെച്ച പണമാണ് തട്ടിയെടുത്തത്. ഒളിവില്‍പോയ മൂന്നു പ്രതികള്‍ പാറക്കൂട്ടത്തും തകഴിയിലുമായി പ്രതികളിലൊരാളുടെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു. ഒളിവില്‍ പാര്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം തകഴിയിലെത്തി ഇവരെ പിടികൂടിയത്. എസ്.ഐയെ കൂടാതെ എ.എസ്.ഐ എബ്രഹാം, സീനിയര്‍ സി.പി.ഒ സന്തോഷ്‌കുമാര്‍, സി.പിഒമാരായ രതീഷ്, സുധീര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.