കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.പിയുടെ നിയന്ത്രണത്തിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സിലുള്ള (ആര്‍.ടി.എഫ്) മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. സന്തോഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ശ്രീജിത്തിലെ വരാപ്പുഴയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത് ഇവര്‍ ആയിരുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറസ്റ്റിന് അനുമതി നല്‍കിയിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അയല്‍ക്കാരും ബന്ധുക്കളും അടക്കമുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അതിനിടെ, മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ എസ്.ഐയും സി.ഐയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും അറസ്റ്റുചെയ്യണമെന്ന് ശ്രീജിത്തിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്തശേഷം പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ശ്രീജിത്തിനെ മര്‍ദ്ദിച്ചുവെന്നും ബന്ധുക്കള്‍ പറഞ്ഞു. അവരെയും അറസ്റ്റുചെയ്യണമെന്നും അതിനുവേണ്ടി നിയമ പോരാട്ടം നടത്തുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലണ് ശ്രീജിത്തിനെ പൊലീസ് വീട്ടില്‍ നിന്നും പിടിച്ച് കൊണ്ടുപോയത്. തുടര്‍ന്ന് അവശനിലയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മരണം സംഭവിച്ചു.
ശ്രീജിത്തിനെ പിടികൂടിയത് ആളുമാറിയാണെന്നും പൊലീസിന്റെ മര്‍ദനമേറ്റാണു മരിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശ്രീജിത്തിന്റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നതിന് അഞ്ചു ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ശ്രീജിത്തിന്റെ അടിവയറ്റില്‍ കനത്ത ക്ഷതമേറ്റുവെന്നും ജനനേന്ദ്രിയത്തില്‍ രക്തം കട്ടപിടിക്കുന്ന രീതിയിലുള്ള പരുക്കേറ്റുവെന്നും ചെറുകുടല്‍ മുറിഞ്ഞുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ മരണ കാരണമായ പരുക്കേതെന്നതാണു മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ ആദ്യം അറിയേണ്ടത്.
ശ്രീജിത്തിന് ഏല്‍ക്കേണ്ടിവന്നത് ക്രൂരമായ പീഡനം എന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കിടത്തുമ്പോള്‍ ശരീരത്തില്‍ ദൃശ്യമായ മുറിവുകളും പരുക്കുകളും വിശദീകരിക്കുന്ന ആന്റിമോര്‍ട്ടം റിപ്പോര്‍ട്ടിലും തുടര്‍ന്നുള്ള വിവരണത്തിലും ഇതുവ്യക്തമാണ്. 18 മുറിവുകള്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
അതേസമയം ജനങ്ങളുടെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഏതു സാഹചര്യം നേരിടാനും ഒരുങ്ങിയിരിക്കണമെന്നും എആര്‍ ക്യാംപിലെ പൊലീസുകാരോടു നിര്‍ദേശിച്ചിട്ടുണ്ട്. മുഴുവന്‍ പൊലീസുകാരും സജ്ജരായിരിക്കാനും വ്യാഴാഴ്ച പ്രതി എസ്‌കോര്‍ട്ട് ഉള്‍പ്പടെയുള്ള ജോലികളെല്ലാം ഒഴിവാക്കാനും നിര്‍ദേശമുണ്ട്.