അടൂര്‍(കൊടുമണ്‍): അഞ്ജാതര്‍ വൈദ്യുതി ലൈനില്‍ നിന്നു കേബിള്‍ വലിച്ച് വീടിന്റെ മുറ്റത്തെ ടാപ്പില്‍ ഘടിപ്പിച്ച സംഭവം നാട്ടില്‍ ഭീതി പരത്തി. തട്ടയില്‍ ഇടമാലി വാഴപ്പള്ളില്‍ പടിഞ്ഞാറ്റേതില്‍ കെ.ആര്‍. രാമചന്ദ്രകുറുപ്പിന്റെ വീട്ടില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. രാവിലെ വീടിന്റെ കതക് തുറന്ന് പുറത്തിറങ്ങിയ രാമചന്ദ്രകുറുപ്പ് കാണുന്നത് വീടിന് സമീപം തന്റെ പുരയിടത്തില്‍ നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിലെ ലൈനില്‍ നിന്നു കേബിള്‍ വലിച്ച് വീടിന്റെ മുറ്റത്തുള്ള ടാപ്പിനകത്തേക്ക് കറണ്ട് കൊടുത്ത കാഴ്ചയാണ്. ഉടന്‍ തന്നെ അദേഹം കൊടുമണ്‍ പോലീസിലും കെ.എസ്.ഇ.ബി.യിലും അറിയിച്ചു. കെ.എസ്.ഇ.ബി. ഉദ്യോസ്ഥരെത്തി കേബിള്‍ വിച്ഛേദിച്ചു.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അടൂര്‍ ഡി.വൈ.എസ്.പി.ആര്‍.ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. കേബിളില്‍ കൂടി വൈദ്യുതി പ്രവഹിച്ചിരുന്നു. വൈദ്യുതി സംബന്ധമായ നല്ല അറിവുള്ളവരാണ് ലൈനില്‍ വയര്‍ ഘടിപ്പിച്ചതെന്ന് കരുതുന്നു. വീട്ടിലെ ചായ്പില്‍ കെട്ടിവെച്ചിരുന്ന ഏണിയെടുത്ത് പോസ്റ്റില്‍ കയറിയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. രാമചന്ദ്രകുറുപ്പും ഭാര്യയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. സംഭവത്തിലെ കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് പന്തളം ബ്ലോക്ക് പഞ്ചായത്തംഗവും കോണ്‍ഗ്രസ്സ് പന്തളം തെക്കേക്കര മണ്ഡലം പ്രസിഡന്റുമായ രഘു പെരുംപുളിക്കല്‍ പറഞ്ഞു.