മുംബൈ: ഐ.പി.എല്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഗാലറിയില്‍ ഇരുപത്തിരണ്ടുകാരിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി നടന്ന മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മത്സരത്തിനിടെയാണ് സംഭവം. സ്റ്റേഡിയത്തിലെ കരാര്‍ ജീവനക്കാരന്‍ തന്നോട് മോശം രീതിയില്‍ സംസാരിച്ചെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കരാര്‍ ജീവനക്കാരനായ ജെന്ദ്രജ് സത്നാമിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയരുന്നതിനിടെയാണ് ആയിരക്കണക്കിന് ആളുകള്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ വച്ചും യുവതിക്ക് നേരെ അതിക്രമം ഉണ്ടായിരിക്കുന്നത്.