അടൂര്‍: രാജ്യാന്തര ചലച്ചിത്രമേള ഏപ്രില്‍ ആറു മുതല്‍ എട്ടു വരെ അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടക്കും. ആറിന് വൈകിട്ട് അഞ്ചിനു നടന്‍ ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. രാവിലെ ഒന്‍പതു മുതല്‍ സിനിമകളുടെ പ്രദര്‍ശനം. 6.30ന് കൊറിയന്‍ സംവിധായകന്‍ കിം കി ഡൂക്കിന്റെ ‘ദി നെറ്റ്’ പ്രദര്‍ശിപ്പിക്കും.
പശസ്ത സിനിമകളായ ‘ക്ലാഷ്’, ‘യങ് കാള്‍ മാര്‍ക്‌സ്’, ‘ഇന്നസെന്റ്‌സ്’, ‘ഇന്‍ സിറിയ’, ‘ക്യൂന്‍ ഓഫ് ഡസര്‍ട്ട്’, ‘സാന്‍ഡ് സ്റ്റോം’ തുടങ്ങി ഒന്‍പതു സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മലയാള സിനിമാ വിഭാഗത്തില്‍ കെ.ജെ.ജീവ സംവിധാനം ചെയ്ത ‘റിക്ടര്‍ സ്‌കെയില്‍ 7.6’, സലിംകുമാര്‍ സംവിധാനം ചെയ്ത ‘കറുത്ത ജൂതന്‍’, ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഡോ.ബിജു സംവിധാനം ചെയ്ത ‘സൗണ്ട് ഓഫ് സൈലന്‍സ്’ എന്നിവ പ്രദര്‍ശനത്തിലുണ്ട്. എല്ലാ ഇതര ഭാഷാ ചിത്രങ്ങളും മലയാളം കുറിപ്പുകളോടെയാവും പ്രദര്‍ശിപ്പിക്കുക.
മേളയോടനുബന്ധിച്ച് രണ്ട് ഓപ്പണ്‍ ഫോറവും ഒരു വര്‍ക്ഷോപ്പും ക്രമീകരിച്ചിട്ടുണ്ടെന്ന് ഡയറക്ടര്‍ ഡോ. ബിജു, ജനറല്‍ കണ്‍വീനര്‍ സി.സുരേഷ് ബാബു എന്നിവര്‍ പറഞ്ഞു. ഏപ്രില്‍ ആറിന് 1.30ന് തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ നയിക്കുന്ന ‘തിരക്കഥയുടെ ഇടം’ എന്ന ശില്‍പശാലയും ‘സിനിമയുടെ ഇടങ്ങള്‍’ എന്ന വിഷയത്തില്‍ ഏപ്രില്‍ ഏഴിന് അഞ്ചിന് ഓപ്പണ്‍ ഫോറവും നടക്കും.
ഏപ്രില്‍ എട്ടിനു രാവിലെ 10.30നു ‘പ്രാദേശിക ചലച്ചിത്ര മേളകളുടെ ഇടം’ എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടക്കും. വൈകിട്ട് സമാപന സമ്മേളനം സംവിധായകന്‍ ബ്ലെസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 6.30ന് എറാന്‍ റിക്ലീസ് സംവിധാനം ചെയ്ത ഇസ്രയേല്‍ അറബ് ഭാഷയിലുള്ള ‘ലെമണ്‍ ട്രീ’ പ്രദര്‍ശിപ്പിക്കും. മേളയില്‍ 600 പ്രതിനിധികള്‍ പങ്കെടുക്കും. ഫോണ്‍: 9447249393