പത്തനംതിട്ട: തിലകന്‍ സ്മാരക കലാസാംസ്‌കാരിക വേദിയുടെ സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാധ്യമപുരസ്‌കാരം മംഗളം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ ജി. വിശാഖന് ലഭിച്ചു. മഞ്ജുവാര്യന്‍ (സിനിമ), കാനം രാജേന്ദ്രന്‍ (സാമൂഹിക-രാഷ്ട്രീയം), മധുകൊട്ടാരത്തില്‍ (നാടകം), വി.കെ. രവിവര്‍മത്തമ്പുരാന്‍ (കഥ-നോവല്‍), ആര്യാ ഗോപി (കവിത), പി. വിദ്യ (മാതൃഭൂമി ന്യൂസ്-ദൃശ്യമാധ്യമം), പി.ജി. സുരേഷ്‌കുമാര്‍ (ഏഷ്യാനെറ്റ്-ദൃശ്യമാധ്യമം) എന്നിവര്‍ക്കാണ് മറ്റു പുരസ്‌കാരങ്ങള്‍. തിലകന്റെ മകന്‍ ഷോബി തിലകനാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത മാസം അവസാന വാരം ചിറ്റാറില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് 25,000 രൂപയും പ്രശംസാ പത്രവും അടങ്ങുന്ന പുരസ്‌കാരം വിതരണം ചെയ്യുമെന്ന് അവാര്‍ഡ് കമ്മറ്റി അംഗങ്ങളായ ജോര്‍ജ് മാത്യു, കൊടുമണ്‍ ഗോപാലകൃഷ്ണന്‍, കെ.ജി. അനില്‍കുമാര്‍, ബെന്നി പുത്തന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മേയ് 21 ന് സണ്‍ഡേ മംഗളത്തില്‍ പ്രസിദ്ധീകരിച്ച ശിരസില്‍ വരച്ചത് എന്ന ഫീച്ചറാണ് വിശാഖനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഒരു ട്രെയിന്‍ അപകടത്തില്‍ രണ്ടു കാലും വലതു കൈയും നഷ്ടമായ പുനലൂര്‍ സ്വദേശി സണ്ണി, അപകടത്തിന് ശേഷം പെട്ടെന്ന് ഒരു നാള്‍ ചിത്രകാരനായി രൂപാന്തരം പ്രാപിച്ചതിനെ കുറിച്ചായിരുന്നു ഫീച്ചര്‍.
ഓമല്ലൂര്‍ മഞ്ഞനിക്കര ഉജ്ജയിനിയില്‍ പരേതനായ പി.പി. ഗോപിയുടെ മകനാണ് ജി. വിശാഖന്‍. ഭാര്യ: അനീജ കെ. രാജ്. മക്കള്‍: വി. വിഷ്ണുദത്തന്‍, സംഘമിത്ര.
മഞ്ജുവാര്യര്‍ക്ക് സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്. രാഷ്ട്രീയ-സാമൂഹികരംഗങ്ങളിലെ സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് കാനം രാജേന്ദ്രനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അമച്വര്‍-പ്രഫഷണല്‍ നാടക രംഗങ്ങളിലെ മികവാണ് മധു കൊട്ടാരത്തിലിന് അവാര്‍ഡ് നല്‍കാന്‍ കാരണമായത്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് രവിവര്‍മ്മ തമ്പുരാന് പുരസ്‌കാരം. പകലാണിവള്‍ എന്ന കവിതയാണ് ആര്യാഗോപിക്ക് പുരസ്‌കാരം നേടി കൊടുത്തത്. മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ റിപ്പോര്‍ട്ടറായ പി. വിദ്യയ്ക്ക് പരിസ്ഥിതി സംബന്ധമായ വാര്‍ത്തകള്‍ക്കാണ് അവാര്‍ഡ്. ദൃശ്യമാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് ഏഷ്യാനെറ്റ് സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ പി. ജി. സുരേഷ് കുമാറിന് പുരസ്‌കാരം.