കുരങ്ങിണിമലയില്‍ കാട്ടുതീ; ട്രക്കിങ്ങിനു പോയ എട്ടുപേര്‍ മരിച്ചു

16 second read

ദേവികുളം: ടോപ്‌സ്റ്റേഷന്റെ മറുഭാഗത്ത് കൊളുക്കുമലയില്‍ നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് ട്രക്കിങ്ങിനുപോയ 36 അംഗസംഘം കാട്ടുതീയില്‍ കുടുങ്ങി. 8 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇതില്‍ അഞ്ചുപേരുടെ നില അതിഗുരുതരമാണ്. ഏഴുപേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷപ്പെട്ട 17 പേരില്‍ കോട്ടയം സ്വദേശി ബീനയുമുണ്ട്.ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എത്തിയ 25 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. മീശപ്പുലിമലയില്‍ നിന്നും ഇറങ്ങി കുരങ്ങിണി മലയുടെ താഴ്വാരത്തെത്തിയതോടെയാണ് തീ പടര്‍ന്നത്. സംഘാംഗങ്ങളില്‍ ഒരാള്‍ വലിച്ചെറിഞ്ഞ സിഗററ്റു കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നത്. അഞ്ചടിയോളം ഉയരമുള്ള പുല്ലിന് തീപിടിച്ചതോടെ മറ്റിടങ്ങളിലേക്കും പടര്‍ന്നു. ഉണങ്ങിയ പുല്ലായിരുന്നതും കാറ്റടിച്ചതും തീ പടര്‍ന്നുപിടിക്കാന്‍ കാരണമായി. തീ പടര്‍ന്ന ശേഷമാണ് ഗ്രാമവാസികള്‍ പോലും അറിഞ്ഞത്. സമീപത്തെ തേയിലത്തോട്ടത്തില്‍നിന്നും മറ്റുമെത്തിയ തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.ഏഴുമണിയോടെ 15 പേരെ ബോഡിനായ്കന്നൂരിലെ ആശുപത്രിയിലെത്തിച്ചു.ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് തേനി മെഡിക്കല്‍കോളേജിലേക്കും മാറ്റി. ആദ്യമെത്തിച്ചവര്‍ക്കു മാത്രമാണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെടാനായുള്ളൂ.

ഞായറാഴ്ച വൈകിട്ട് നാലരയോടെ സംഘത്തിലുള്ള ഒരാള്‍ വീട്ടിലേക്ക് വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാര്‍ വനം വകുപ്പുമായി ബന്ധപ്പെടുകയായിരുന്നു. അര്‍ദ്ധരാത്രിയായതും മലമുകളില്‍ നിന്നും പരിക്കേറ്റവരെയും മറ്റും പുറത്തെത്തിക്കാന്‍ ഗതാഗത സംവിധാനങ്ങള്‍ ഇല്ലാതിരുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. പരിക്കേറ്റവരില്‍ നാലുപേരെ മൂന്നാര്‍ വഴിയാണ് പുറത്തെത്തിച്ചത്.

വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍, അഗ്നിരക്ഷാസേന, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ചെന്നൈ ട്രെക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍നിന്നെത്തിയ 24 പേരും തിരുപ്പൂര്‍,ഈറോഡ് ഭാഗങ്ങളില്‍നിന്നെത്തിയ 12 അംഗ സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ചയാണ് ഇവര്‍ ട്രെക്കിങ്ങിനെത്തിയത്. ഞായറാഴ്ച ഉച്ചയോടെ രണ്ടു വാഹനങ്ങളില്‍ ഇവര്‍ കൊളുക്കുമലയിലെത്തി. വിദ്യാര്‍ഥികള്‍, ഐ.ടി. പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് സംഘം.

വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഇവര്‍ കുരങ്ങിണി മലയുടെ താഴ്വാരത്തിലേക്ക് പോയത്. അഞ്ചുമണിയോടെ ആദ്യ സംഘം കുരങ്ങണിയിലെത്തി. അടുത്ത സംഘംഎത്തിയപ്പോഴേക്കും കാട്ടുതീ പടര്‍ന്നു. നിമിഷനേരംകൊണ്ട് തീ വ്യാപിച്ചു. ഇതോടെ രക്ഷപ്പെടാന്‍ എല്ലാവരും ചിതറിയോടി. കടുത്ത ഉണക്കില്‍കരിഞ്ഞുനിന്ന പുല്ലും മരങ്ങളും വേഗത്തില്‍ കത്തിയതോടെ മിക്കവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയുടെ അഭ്യര്‍ഥനപ്രകാരമാണ് കോയമ്പത്തൂര്‍ സുലൂരില്‍നിന്ന് വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ രാത്രിയോടെ സ്ഥലത്തെത്തിയത്. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ തീയണയ്ക്കാനുള്ള ശ്രമം രാത്രിയും നടക്കുന്നുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…