പത്തനംതിട്ട :അണ്ഡാശയം സ്ഥാനം തെറ്റി ഉദരഭാഗത്തായതു മൂലം കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലാതായ യുവതിക്ക് അപൂര്‍വ ചികിത്സയിലൂടെ കുഞ്ഞു പിറന്നു. ഇത്തരം ചികിത്സ വിജയകരമായത് ലോകത്തു രണ്ടാമതും ഇന്ത്യയില്‍ ആദ്യവുമാണെന്ന് ചികിത്സ നടത്തിയ അടൂര്‍ ലൈഫ്‌ലൈന്‍ ആശുപത്രിയിലെ ഡോ.. എസ്.പാപ്പച്ചനും ഡോ. സി.നൃപനും പറഞ്ഞു.
വിവാഹം കഴിഞ്ഞു പത്തു വര്‍ഷത്തിലേറെയായിട്ടും കുട്ടികളില്ലാതെയാണ് യുവതി ലൈഫ്ലൈനില്‍ ചികിത്സയ്‌ക്കെത്തിയത്. ഇവരുടെ അണ്ഡാശയത്തിന്റെ സ്ഥാനം വൃക്കകള്‍ക്ക് അരികിലാണെന്ന് എംആര്‍ഐ സ്‌കാനില്‍ കണ്ടെത്തി. തുടര്‍ന്ന് അത്യപൂര്‍വ ചികിത്സ നല്‍കി. മൂന്നര മാസം പ്രായമായ ഹര്‍ഷിത എന്ന കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
സാധാരണയായി അണ്ഡാശയം ഇടുപ്പെല്ലിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. അണ്ഡവിക്ഷേപണത്തിനു ശേഷം അണ്ഡം ഗര്‍ഭാശയത്തില്‍ എത്തുന്നതിന് ഈ സ്ഥാനം നിര്‍ണായകമാണ്. ഇവിടെ ജന്മനാ ഉള്ള വ്യതിയാനമാണ് വൃക്കകള്‍ ഉദരഭാഗത്താകാന്‍ കാരണം. ഇത്തരം വ്യതിയാനം കണ്ടെത്താന്‍ പ്രയാസമായതിനാല്‍ ചികിത്സ ഫലിക്കാതാവുകയും വന്ധ്യത തുടരുകയുമാണ് പതിവ്.
ഡോ. എസ്.പാപ്പച്ചന്റെ നേതൃത്വത്തിലുള്ള ചികിത്സയുടെ ഭാഗമായി താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ അണ്ഡം വീണ്ടെടുത്ത് ഐവിഎഫ് സംവിധാനത്തില്‍ ബീജസങ്കലനം നടത്തി ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ ഗര്‍ഭധാരണം സ്ഥിരീകരിച്ചു. ഡോ. ഷീബ ഹഫീസിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗര്‍ഭകാല പരിചരണവും പ്രസവവും.
ഈ അപൂര്‍വ ചികിത്സാ വിജയം രാജ്യാന്തര വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങളിലേക്കു നല്‍കിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആദ്യ പരിശോധനകളില്‍ അണ്ഡാശയം കാണാന്‍ കഴിഞ്ഞില്ലെങ്കിലും അണ്ഡാശയവുമായി ബന്ധപ്പെട്ട ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തില്‍ എവിടെയോ അണ്ഡാശയം ഉണ്ടെന്നതിന് ഇതു തെളിവായി. വിശദമായ പരിശോധനയിലാണ് വൃക്കകള്‍ക്കു സമീപം അണ്ഡാശയം കണ്ടെത്തിയത്.
യഥാര്‍ഥ പ്രശ്‌നം കണ്ടെത്താത്ത ഇത്തരം ഒട്ടേറെ കേസുകള്‍ വന്ധ്യതയെന്നു പറഞ്ഞ് തള്ളിക്കളയുന്നുണ്ടെന്നു ഡോ. പാപ്പച്ചന്‍ പറഞ്ഞു. അണ്ഡം ശീതീകരിച്ചു സൂക്ഷിക്കുന്ന രീതി ഇപ്പോള്‍ വ്യാപകമാണെന്നും ഒട്ടേറെപ്പേര്‍ക്ക് ഇതു പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഈ അപൂര്‍വ നേട്ടത്തിന് ഓള്‍ കേരള കോണ്‍ഗ്രസ് ഓഫ് ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയില്‍ ബഹുമതി ലഭിച്ചിട്ടുണ്ട്.