അഗളി : അട്ടപ്പാടിയില്‍ നാട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളും അറസ്റ്റില്‍. കേസില്‍ ആകെ 16 പ്രതികളാണുള്ളത്. ഇവരില്‍ 11 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചു പേരെക്കൂടി പിന്നീട് പിടികൂടി. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും പൊലീസ് അറിയിച്ചു. പ്രതികളെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും.
കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മുക്കാലിയില്‍ നാട്ടുകാര്‍ മധുവിന്റെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് തടഞ്ഞിരുന്നു. ചര്‍ച്ചയെ തുടര്‍ന്ന് വീണ്ടും യാത്ര ആരംഭിക്കുകയായിരുന്നു. പ്രാദേശിക നേതാക്കളും പൊലീസും പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം.
അറസ്റ്റു ചെയ്ത പ്രതികളുടെ വിവരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണു പ്രതിഷേധക്കാര്‍ പിന്മാറിയത്. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ആദിവാസി സംഘടനകളാണ് മൃതദേഹം തടഞ്ഞത്. വന്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയിലാണു മൃതദേഹം കൊണ്ടുപോയത്. മധുവിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
ഇന്ന് ഉച്ചയ്ക്കാണ് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മധുവിന്റെ മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കിയത്. തൃശൂര്‍ മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. അഗളിയിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹവുമായി പോയപ്പോഴാണു മുക്കാലിയില്‍ വച്ച് തടഞ്ഞത്. വ്യാഴാഴ്ച വൈകിട്ടാണ് മധുവിനെ ഒരു സംഘമാളുകള്‍ മര്‍ദിച്ചത്. ആശുപത്രിയിലെത്തിക്കുന്ന വഴിക്ക് മധു മരിക്കുകയും ചെയ്തു. ഇതിനുപിന്നാലെ അട്ടപ്പാടിയില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. കൊലയാളികളെ അറസ്റ്റു ചെയ്യാതെ പോസ്റ്റ്മോര്‍ട്ടം അനുവദിക്കില്ലെന്നു പറഞ്ഞ് മധുവിന്റെ അമ്മയും ബന്ധുക്കളും ആശുപത്രിക്കു മുന്നില്‍ കുത്തിയിരുന്നു. തുടര്‍ന്ന് സബ്കലക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയാണ് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോയത്.
മധുവിനെ കാട്ടിക്കൊടുത്ത വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിക്കു സാധ്യതയുണ്ട്. സംഭവത്തില്‍ വനപാലകര്‍ക്കു പങ്കുണ്ടെങ്കില്‍ അന്വേഷിച്ചു നടപടിയെടുക്കുമെന്നു മന്ത്രി കെ. രാജു പറഞ്ഞു. വനത്തിലെ ഗുഹയിലുള്ള മധുവിന്റെ താമസസ്ഥലം നാട്ടുകാര്‍ക്കു കാണിച്ചുകൊടുത്തതും അവരെ വനത്തില്‍ കയറ്റിവിട്ടതും വനപാലകരാണെന്ന വെളിപ്പെടുത്തലിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.