മനാമ: കഴിഞ്ഞ ഡിസംബറില്‍ നടന്ന ചീമേനി കൊലപാതക കേസിലെ മൂന്നാമത്തെ പ്രതി ബഹ്റൈനില്‍ കീഴടങ്ങി. നാട്ടില്‍ നിന്ന് പോലീസ് നല്‍കിയ വിവരമനുസരിച്ച് പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂരിന്റെ ഇടപെടലോടെയാണ് ബഹ്റൈന്‍ പ്രവാസിയായ അരുണ്‍ കരുണാകരന്‍ എന്ന പ്രതി സ്വമേധയാ കീഴടങ്ങുകയും നാട്ടിലേയ്ക്ക് തിരിക്കുകയും ചെയ്തത്.
ഇദ്ദേഹം ബഹ്റൈനില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന് ശേഷം പ്രതിയുമായി സുബൈര്‍ കണ്ണൂര്‍ സംസാരിക്കുകയും തുടര്‍ന്ന് തന്റെ കുറ്റം അരുണ്‍ ഏറ്റ് പറയുകയുമായിരുന്നു. ഇന്നലെ എയര്‍ ഇന്ത്യ വിമാനത്തിലാണ് അരുണിനെ നാട്ടിലേയ്ക്ക് അയച്ചത്. സുബൈര്‍ കണ്ണൂരും നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ബഹ്റൈനില്‍ രണ്ട് വര്‍ഷത്തോളമായി പ്രവാസിയാണ് അരുണ്‍. നവംബറില്‍ നാട്ടിലേയ്ക്ക് അവധിക്ക് പോയപ്പോഴാണ് അരുണ്‍ കൊലപാതകം നടത്തിയത്. അവധി കഴിഞ്ഞ് ഫെബ്രുവരി ആദ്യവാരമാണ് അരുണ്‍ തിരികെ ബഹ്റൈനിലെത്തിയത്.
2017 ഡിസംബര്‍ 13നാണ് ചീമേനി പുലിയന്നൂരിലെ റിട്ട. അദ്ധ്യാപിക ജാനകി ടീച്ചറെ രണ്ട് കൂട്ടാളികള്‍ക്കൊപ്പം അരുണും ഒത്തുചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മറ്റ് രണ്ട് പ്രതികളായ റിനീഷ്, വിശാഖ് എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കൊല്ലപ്പെട്ട ജാനകി ടീച്ചറുടെ ഭര്‍ത്താവ് കളത്തേര കൃഷ്ണന്റെ കഴുത്തിന് ഇവരുടെ അക്രമത്തില്‍ മാരകമായി പരിക്കുമേല്‍പ്പിക്കുകയും ചെയ്തിരുന്നു.
കൊലപാതകത്തിന് പത്ത് ദിവസം മുന്‍പും ഇവര്‍ പുലിയന്നൂരിലെ കളത്തേര വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയിരുന്നുവെന്നാണ് പോലീസിന് നല്‍കിയ മൊഴിയില്‍ ആദ്യ രണ്ട് പ്രതികള്‍ പറഞ്ഞത്. അന്ന് റോഡില്‍ ആളനക്കം കണ്ട് പിന്‍മാറുകയും മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുകയുമായിരുന്നു. എന്നാല്‍ കൃത്യമായ കരുനീക്കത്തോടെയാണ് രണ്ടാം ശ്രമത്തില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയത്.