ദുബായ്: ഏഴു വയസുകാരിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച ദുബായിലെ അധ്യാപകന്‍ യുഎസില്‍ അറസ്റ്റില്‍. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 15ന് യുഎസിലെ ഫ്‌ലോറിഡയില്‍ വച്ചാണ് വില്യം ബാള്‍ എന്ന അധ്യാപകന്‍ അറസ്റ്റിലായതെന്നും മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ദുബായിലെ വിദ്യാലയത്തില്‍ ജോലി ചെയ്യുന്ന ഇയാളുടെ സ്വദേശം മിസിസിപ്പിയാണ്.
സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. താംപയിലെ ഫെഡറല്‍ കോടതിയില്‍ നടന്ന വാദത്തിനിടെ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിച്ചാണ് ഏഴു വയസുകാരിയുമായി പ്രതി പരിചയം സ്ഥാപിച്ചതെന്ന് പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തി. ഏതാണ്ട് 18,360 ദിര്‍ഹം വിമാന ടിക്കറ്റിനായി ചെലവഴിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ കാണാന്‍ യുഎസില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗര്‍ഭനിരോധന ഉറകള്‍ ഉള്‍പ്പെടെയുള്ളവ അധ്യാപകനില്‍ നിന്നും കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപകന്റെ ഇന്റര്‍നെറ്റ് സംഭാഷണങ്ങളും ഓണ്‍ലൈന്‍ ഹിസ്റ്ററിയും സമഗ്രമായി പരിശോധിക്കുമെന്ന് യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് കേസ് അന്വേഷിക്കുക.
ദുബായില്‍ സെക്കന്‍ഡറി വിഭാഗം സംഗീത അധ്യാപകനായ ഇയാള്‍ ഗള്‍ഫിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. പ്രശസ്തമായ ഏജന്‍സി വഴിയാണ് വില്യം ബോളിനെ സ്‌കൂളിലേക്ക് തിരഞ്ഞെടുത്തത്. ഇയാളുടെ പൂര്‍വകാലവും പരിശോധിച്ചിരുന്നു. സ്‌കൂളിന്റെ നേതൃത്വത്തിലും അന്വേഷണം നടത്തിയ ശേഷമാണ് ഇയാള്‍ക്ക് ദുബായില്‍ ജോലി നല്‍കിയത്. പ്രസ്തുത അധ്യാപകന്റെ പേരിലോ ഏതെങ്കിലും അധ്യാപകന്റെ പേരിലോ കുട്ടികള്‍ക്കിടയില്‍ പരാതി ഉണ്ടായിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.