കടമ്പനാട്: തട്ടുകടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പന. നിഴല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഏഴാംമൈല്‍ ജംക്ഷനില്‍ തട്ടുകട നടത്തുന്ന കിണറുവിളയില്‍ രാജന്റെ കടയില്‍നിന്നും വീട്ടില്‍നിന്നുമായി ആറു ചാക്കിലെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഹാന്‍സ്, ശംഭു, ഗണേശ്, കൂള്‍ ലിപ് എന്നീ പേരുകളില്‍ വിറ്റഴിക്കുന്ന ഉല്‍പന്നങ്ങളാണ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആറു ചാക്കുകളിലായി നിറച്ചിരുന്ന എണ്ണായിരത്തി എഴുനൂറ്റി അറുപത്തിനാല് കവര്‍ ഉല്‍പന്നങ്ങളാണ് ഉണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍നിന്നു കവര്‍ ഒന്നിന് 20 രൂപ നിരക്കില്‍ എത്തിക്കുന്ന നിരോധിക്കപ്പെട്ട പുകയില ഉല്‍പന്നം 35 രുപയ്ക്കാണ് വിറ്റഴിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
രാജനെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. ഇയാളെ റിമാന്‍ഡ് ചെയ്തു. ഉല്‍പന്നത്തിന്റെ ഉറവിടം സംബന്ധിച്ച് സമഗ്ര അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. ജില്ലാ പൊലീസ് മേധാവി ഡോ. സതീഷ് ബിനോയുടെ നിര്‍ദേശപ്രകാരം എസ്‌ഐ അശ്വത് എസ്. കാരാണ്മയില്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വില്‍സന്‍, അനുരാഗ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
സേഫ് പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ജില്ലയിലുടനീളം പരിശോധന നടത്തിവരുന്നതിനിടയിലാണ് വലിയ അളവില്‍ നിരോധിക്കപ്പെട്ട പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.