അടൂര്‍: ആനന്ദപ്പള്ളി മരമടി മത്സരത്തിന് അനുമതി തേടിയുള്ള ആനന്ദപ്പള്ളി കര്‍ഷക സമിതിയുടെ അപേക്ഷ ജില്ലാ കലക്ടര്‍ തള്ളി. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ജെല്ലിക്കെട്ട് നടത്താനുള്ള അനുമതി അതാതു സര്‍ക്കാരുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് നാലു വര്‍ഷമായി മുടങ്ങി കിടക്കുന്ന ആനന്ദപ്പള്ളി മരമടി മത്സരവും പുനരാരംഭിക്കണമെന്നുള്ള ആവശ്യവുമായി ആനന്ദപ്പള്ളി കര്‍ഷക സമിതി കഴിഞ്ഞ 31നു ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്.
എന്നാല്‍, അപേക്ഷ പരിശോധിച്ചെങ്കിലും നിലവിലുള്ള നിയമ പ്രകാരം മരമടി മത്സരം നിരോധിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഈ മത്സരം നടത്താന്‍ അനുമതി ഇല്ലെന്നു പറഞ്ഞാണ് കലക്ടര്‍ കര്‍ഷക സമിതിയുടെ അപേക്ഷ നിരസിച്ചത്.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഇക്കാര്യം നിയമസഭയില്‍ സബ്മിഷനിലൂടെ ഉന്നയിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ മരമടി ഉപാധികളോടെ നടത്താന്‍ കഴിയുമോ എന്നു പരിശോധിക്കാമെന്നു മന്ത്രി എ.കെ. ബാലന്‍ മറുപടി പറഞ്ഞിരുന്നതാണ്. ഒടുവില്‍ ജില്ലാ കലക്ടര്‍ കോടതി ഉത്തരവുകള്‍ നിരത്തി മരമടിക്കുള്ള അനുമതി പാടെ നിഷേധിക്കുകയായിരുന്നു. ഇതു കേട്ടതോടെ മരമടി മത്സരത്തിനു തയാറെടുത്തു നിന്നിരുന്ന കര്‍ഷകരും മത്സരം കാണാന്‍ ആഗ്രഹിച്ചിരുന്ന കാണികളും നിരാശയിലായിരിക്കുകയാണ്.