ശബരിമല : തിരുവാഭരണവിഭൂഷിതനായ ശ്രീഭൂതനാഥന് മുന്നില്‍ പൂങ്കാവനത്തിലെ 18 മലകളും മുപ്പത്തിമുക്കോടി ദേവഗണങ്ങളും തൊഴുത് നിന്ന സന്നിധിയില്‍ പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതി ദര്‍ശിച്ചു ഭക്തലക്ഷങ്ങള്‍ മതിമറന്നു. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കായി നടയടച്ചപ്പോള്‍ശ്രീധര്‍മ്മ ശാസ്താവിനു ദേവഗണങ്ങളുടെ കാണിക്കയായി കിഴക്കേചക്രവാളത്തില്‍ ഉത്രം നക്ഷത്രമുദിച്ചു. പൊന്നമ്പലമേട്ടില്‍ മൂന്ന് തവണതെളിഞ്ഞ മകരജ്യോതിസ് തൃപ്രസാദമായി ഏറ്റുവാങ്ങാന്‍ ലക്ഷക്കണക്കിന് കൂപ്പുകൈകള്‍ആകാശത്തേക്കുയര്‍ന്നു. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് കടന്ന മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ മകരസംക്രമപൂജ നടന്നു.
തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍നിന്നും എത്തിച്ച നെയ്യ് ശബരീശന് അഭിഷേകം ചെയ്തു. തിരുവാഭരണഘോഷയാത്രയെ വവരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ വൈകുന്നേരം നാല്മണിയോടെ ആരംഭിച്ചു. തിരുവാഭരണ ഘോഷയാത്രയെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. ശ്രീകോവിലിനു മുന്നില്‍ തന്ത്രി മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളില്‍ എത്തിച്ച് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തി. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു.