പത്തനംതിട്ട: വനിതാ ഡോക്ടറുടെ നേരെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദ്‌ചെയ്തു. കരുനാഗപ്പള്ളി – പത്തനംതിട്ട സര്‍വ്വീസ് നടത്തുന്ന ശ്രീദേവി മോട്ടോര്‍സിന്റെ കെ.എല്‍.23.ഇ-9131 നമ്പര്‍ ബസിലെ ഡ്രൈവര്‍ കരുനാഗപ്പള്ളി – തഴവ സ്വദേശിയുടെ ലൈസന്‍സ് ആണ് റദ്ദ് ചെയ്തത്.
പത്തനംതിട്ട ആര്‍.ടി.ഒ. ഇയാളെ നേരിട്ട് ആര്‍.റ്റി.ഒ ഓഫീസില്‍ വിളച്ചുവരുത്തിയാണ് നടപടിയെടുത്തത്. അപമാനിക്കപ്പെട്ട വനിതാ ഡോക്ടര്‍ക്ക് വേണ്ടി സുഹൃത്തായ ഡോക്ടറാണ് ആദ്യം പരാതി നല്‍കിയത്. പിന്നീട് ഡോക്ടറും പരാതി പത്തനംതിട്ട ജില്ലാ പൊലീസ് മേഥാവിയ്ക്ക് ഈ-മെയില്‍ വഴി നല്‍കുകയായിരുന്നു.
സംഭവം നടന്നത് അടൂര്‍ -കൊടുമണ്‍ പോലീസ് സറ്റേഷനുകളുടെ പരിധിയിലായതിനാല്‍ അന്വേഷണചുമതല അടൂര്‍ ഡി. വൈ. എസ്. പി.യ്ക്കാണ്.
അടൂര്‍ സ്വദേശിനിയായ ഡോക്ടര്‍ പത്തനംതിട്ടയിലെ ഗവ:ആയുര്‍വേദ ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. സ്ഥിരമായി ഈ ബസിലാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാവിലെ അടൂരില്‍ നിന്നും കയറിയ ഡോക്ടര്‍ ഡ്രൈവര്‍ സീറ്റിന് തൊട്ടുപിറകുവശത്തുള്ള സീറ്റിലാണ് ഇരുന്നത്. കയറിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ കണ്ണാടിയിലുടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു വെന്നും ഇടയ്ക്ക് ഒരു കുപ്പിയില്‍ വിരല്‍ കയറ്റി കാണിക്കുകയും ചെയ്തു. അപ്പോള്‍ യാതൊരസ്വാഭാവികതയും തോന്നിയിരുന്നില്ലെന്ന് വനിതാ ഡോക്ടര്‍ പറഞ്ഞു.
എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ സീറ്റിന്റെ വശത്ത് പിടിച്ചു കൊണ്ട് പിറകിലേക്ക് വിരല്‍ ചലിപ്പിച്ച് അശ്ലീലത കാണിക്കുകയായിരുന്നത്രെ!. ഇത് പല തവണ തുടര്‍ന്നതോടെയാണ് മൊബൈലില്‍ പകര്‍ത്തിയതെന്ന് ഡോക്ടര്‍ പറയുന്നു. ബസില്‍ നിന്നും ഇറങ്ങിയ ഇവര്‍ ബസിന്റെ നമ്പര്‍ കുറിച്ചെടുക്കുകയും സുഹൃത്തായ ഡോക്ടറോട് താന്‍ നേരിട്ട അപമാനം വെളിപ്പെടുത്തുകയും ചെയ്തു. പൊലീസില്‍ പരാതിപ്പെടാന്‍ ധൈര്യമില്ലെന്നും പിന്നീട് അതിനു പുറകിലുള്ള നൂലാമാലകള്‍ നേരിടാന്‍ വയ്യാത്തതുകൊണ്ടുമാണ് സുഹൃത്തിന്റെ സഹായം തേടിയത്.
സുഹൃത്തായ ഡോക്ടര്‍ ദൃശ്യങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും പത്തനംതിട്ട പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തു.