അടൂര്‍: ജോയിന്റ് ആര്‍ടി ഓഫിസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഇന്നലെ രാവിലെ 11ന് തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് 1.30 വരെ നീണ്ടു. വിജിലന്‍സ് സിഐ ബൈജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫിസിലെ ഫയലുകളും കാഷ് കൗണ്ടറുകളുമെല്ലാം പരിശോധിച്ചത്.
വിജിലന്‍സ് സംഘത്തെ കണ്ടപ്പോള്‍ തന്നെ കാഷ് കൗണ്ടറില്‍ പണം അടയ്ക്കാന്‍ നിന്നിരുന്ന ഏജന്റുമാര്‍ എല്ലാം പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. പരിശോധനയില്‍ കണ്ട ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് സംഘം പറയുന്നതിങ്ങനെ: ഒരു കാഷ് കൗണ്ടറില്‍ കണക്കില്‍ കൂടുതല്‍ പണമുണ്ടായിരുന്നു.
കാഷ് കൗണ്ടറുകളില്‍ പണമടയ്ക്കാന്‍ നിന്നിരുന്നതില്‍ അധികവും ഏജന്റുമാരാണ്. ഫയലുകള്‍ പരിശോധിച്ചതില്‍ ഓഫിസുകളില്‍ ലഭിച്ച അപേക്ഷയില്‍ തീര്‍പ്പു കല്‍പിക്കുന്നതില്‍ കാലതാമസവും വരുത്തുന്നു. പരിശോധനയില്‍ കാഷ് കൗണ്ടറില്‍ കണക്കില്‍ കൂടുതല്‍ പണം കണ്ടെത്തിയതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.