അടൂര്‍: പ്‌ളസ്ടു വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി വളപ്പില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. പഴകുളം കാഞ്ഞിരവിളയില്‍ നാസിം എന്നു വിളിക്കുന്ന ജില്‍ഷാദ്(22) ആണ് പിടിയിലായത്.പത്തനംതിട്ട കോടതിയില്‍ കീഴടങ്ങാന്‍ കോടതി വളപ്പിലെത്തിയ പ്രതിയെ അടൂര്‍ സി ഐ ദിനരാജിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പിടികൂടുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ഡിവൈഎസ്പി ആര്‍ ജോസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരുന്നു. പതിനാറുകാരിയായ പഴകുളം സ്വദേശിനിയെ വിവാഹം കഴിക്കാമെന്ന പ്രലോഭിപ്പിച്ച പീഡിപ്പിച്ച ശേഷം പീഡനം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പഴകുളത്തെ പ്രധാന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകനാണ് പ്രതി.
പീഡിപ്പിക്കുകയും സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പരാതിയുമായെത്തിയ പെണ്‍കുട്ടിയെയും മാതാപിതാക്കളെയും അധിക്ഷേപിക്കുകയും പരാതി വാങ്ങാതെ തിരിച്ചയ്ക്കുകയും ചെയ് തതിനെക്കുറിച്ച് അന്വേഷണം ഉടന്‍ ഉണ്ടായേക്കും. അടൂര്‍ സി ഐ ദിനരാജിനെതിരെയാണ് അന്വേഷണം. സംഭവത്തെ ഉന്നത പൊലീസ് ഉദ്യാഗസ്ഥര്‍ ഗൌരവമായാണ് എടുത്തത്. 29ന് പരാതിയുമായി സിഐയ്ക്ക് മുന്നില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാപിതാക്കളും എത്തി പീഡന വിവരം വെളിപ്പെടുത്തുകയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിക്കുകയും ചെയ്ത വിവരം ധരിപ്പിച്ചിട്ടും സിഐ തുടര്‍ നടപടി സ്വീകരിക്കാതെ പെണ്‍കുട്ടിയെയും മാതാപിതാക്കളെയും അധിക്ഷേപിച്ച് പറഞ്ഞയക്കുകയാണ് ചെയ്തത്.
പീഡനവിവരം ആദ്യം കുടുംബശ്രീയുടെ സ്‌നേഹിതയില്‍ എത്തി പറഞ്ഞതാണ് സിഐയെ ചൊടിപ്പിച്ചതെന്ന് പറയപ്പെടുന്നു.ഇതിന് ശേഷവും സിഐയെ കാണാന്‍ എത്തിയ മാതാപിതാക്കളെ താന്‍ അവധിയിലാണെന്ന് പറഞ്ഞ് വീണ്ടും മടക്കിയയച്ചതിനെ തുടര്‍ന്ന് സ്‌നേഹിത പ്രവര്‍ത്തകര്‍ ഇടപെട്ട് പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ മൊഴി എടുത്തതോടെയാണ് അഞ്ചാം ദിവസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദേശാഭിമാനി വിവരം പുറത്തു കൊണ്ടുവന്നതോടെയാണ് സിഐ പ്രതിയെ പിടിക്കാനിറങ്ങിയത്.