തിരുവനന്തപുരം: സിനിമാ നടി പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നിശബ്ദത പുലര്‍ത്തുന്ന താരസംഘടന അമ്മയ്ക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എല്ലാവരും ഞങ്ങളുടെ മക്കളാണെന്ന് പറയുന്ന സംഘടനയെന്തേ പാര്‍വതിക്ക് ഒരു പ്രശ്നം വന്നപ്പോള്‍ മിണ്ടാതിരിക്കുന്നത്. ഒരു നടന് പ്രശ്നം വന്നപ്പോള്‍ എത്രപേരാണ് രംഗത്ത് എത്തിയതെന്ന നമ്മള്‍ എല്ലാവരും കണ്ടതല്ലേയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
പാര്‍വതിക്കെതിരെ ഇത്ര മോശമായ ആരോപണം ഉയര്‍ത്തിയവര്‍ തങ്ങളുടെ ഫാന്‍സ് അല്ലെന്നു പറയാനുള്ള ഉത്തരവാദിത്തം ആ നടനും ആ സംഘടനയ്ക്കുമുണ്ട്. നടന്‍മാര്‍ ഇക്കാര്യത്തില്‍ പരസ്യ നിലപാട് വ്യക്തമാക്കണം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അതുണ്ടാവുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരാള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമില്ലേ. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ആ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് സൈബര്‍ ഗുണ്ടകളാണ്. വോട്ടുചെയ്യാനുള്ള സ്വാതന്ത്യം ഉണ്ടെങ്കില്‍, പണം കൊടുത്ത് സിനിമ കാണാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ സിനിമയെ പറ്റി പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് ഇവര്‍ മനസിലാക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
സ്ത്രീകള്‍ എപ്പോഴും ഭയന്ന് പിന്‍മാറുന്ന അവസ്ഥയുണ്ടാവുന്നത് കൊണ്ടാണ് സ്ത്രീകള്‍ക്കെതിരെ അവര്‍ ഇത്തരത്തില്‍ ആക്രമണം തുടരുന്നത്. സൈബര്‍ ആക്രമണം നടത്തുന്ന ആളുകളുടെ എണ്ണം പേലെ ഇരകളും പെരുകകയാണ്. നമ്മുടെ നിയമവ്യവസ്ഥ വളരെ ശോചനീയമായ സാഹചര്യത്തില്‍ അത് നേരിടുകയല്ലാതെ മറ്റ് മാര്‍ഗമല്ല. ഒരു വ്യക്തിയെ തെറിവിളിച്ചാല്‍ നടപടിയെടുക്കില്ലെന്ന ഉറച്ച വിശ്വാസമാണ് ഭയമില്ലാതെ അത് ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ഒരു പ്രശസ്തയായ നടി ആയതുകൊണ്ടാണ് പ്രശ്നം ഇത്രയേറെ ഗൗരവത്തിലെടുക്കാന്‍ കാരണം. പാര്‍വതി പറഞ്ഞത് ഒരു സിനിമയ്ക്കെതിരെയാണ് അഭിപ്രായം പറഞ്ഞത്. സ്ത്രീകളെ മോശമായ ചിത്രീകരിച്ച സിനിമയ്ക്കെതിരെയാണ് അവര്‍ പറഞ്ഞത്. അതില്‍ തെറ്റില്ല. അതിനെതിരെ ആശയപരമായി ആരോഗ്യപരമായാണ് നേരിടേണ്ടത്. ഈ രീതിയിലുള്ള ആക്രമണം കാണിക്കുന്നത് തോല്‍വിയാണെന്നതാണ്.
കേസില്‍ ഇതുവരെ ഒരാളെയാണ് അറസ്റ്റ് ചെയ്തത്. എത്രപേരാണ് പാര്‍വതിയെ തെറി വിളിച്ചത്. സാധാരണ ഒരു പെണ്‍കുട്ടിക്ക് നേരെ ഉയരാത്ത രീതിയില്‍ അറസ്റ്റ് ഉണ്ടായില്‍ പാര്‍വതി ഉയര്‍ത്തിയ മുന്നേറ്റം വിജയം കാണുക. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ സമൂഹത്തിന്റെ എല്ലാ മേഖലയിലും കാണുന്നുണ്ട്. പലപ്പോഴും സ്ത്രീകള്‍ കേസുമായി മുന്നോട്ട് പോവാത്തത് സ്ത്രീകള്‍ക്ക് അതിന്റേതായ സമയം ഇല്ലാത്ത സാഹചര്യത്തിലാണ്. കേസുമായി മുന്നോട്ട് പോകാന്‍ കാണിച്ച പാര്‍വതിയുടെ ധീരതയോട് അഭിമാനമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഒരു സ്ത്രീക്കെതിരെ ഇത്ര മോശമായ രീതിയില്‍ ഒരു പുരുഷന്‍ ആക്രമിക്കുമ്പോള്‍ ഷെയര്‍ ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ ഉണ്ട്. എന്നാല്‍ അത് ഷെയര്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ട ഭാഷ ഇതല്ലെന്ന് പറയേണ്ട സാമാന്യ ഉത്തരവാദിത്തം പോലും ചിലര്‍ കാണിക്കുന്നില്ല. ജീവിത പോരാട്ടത്തിനിടയില്‍ ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ സര്‍ക്കാരും പൊലീസും സമൂഹവും ഒരുമിച്ച് നിന്നാലെ ഇതില്‍ നിന്നും മോചനം ഉണ്ടാകുകയുള്ളുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.