കുവൈത്ത് സിറ്റി: ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നത്തെ മത്സരം കുവൈത്തിനു നിര്‍ണായകം. യുഎഇയുമായുള്ള മത്സരം ജയിച്ചാലും സെമിയില്‍ പ്രവേശനം ലഭിക്കില്ലെങ്കിലും ഇന്നത്തെ കളി ജയിച്ചേ പറ്റൂ. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പരാജയം ഏറ്റുവാങ്ങിയ കുവൈത്തിനു സ്വന്തം നാട്ടില്‍ ആരാധകരുടെ മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ വിജയം നിര്‍ബന്ധമാണ്. എ-ഗ്രൂപ്പ് പ്രഥമ റൗണ്ടിലെ അവസാന മത്സരങ്ങളാണ് ഇന്ന്.
രണ്ടു മത്സരങ്ങള്‍ നഷ്ടപ്പെട്ട കുവൈത്ത് പോയിന്റ് രഹിത അവസ്ഥയിലാണ്. ഇന്നത്തെ കളി ജയിച്ചാലും സെമിയിലേക്കു പ്രവേശനം അസാധ്യം. ഗള്‍ഫ് കപ്പില്‍ കുവൈത്തും യുഎഇയും തമ്മില്‍ 19തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 10തവണ കുവൈത്തിനും ഏഴുതവണ യുഎഇക്കുമായിരുന്നു വിജയം.
രണ്ടു തവണ സമനിലയിലും പിരിഞ്ഞു. ഒമാനും സൗദി അറേബ്യയും തമ്മിലാണ് ഇന്ന് രണ്ടാമത്തെ മത്സരം. അവര്‍ തമ്മില്‍ ഗള്‍ഫ് കപ്പില്‍ 13തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. 12 തവണയും സൗദിക്കായിരുന്നു ജയം. ഒരു തവണ ഒമാനും ജയിച്ചു. ബി-ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം ബഹ്റൈന്‍ മറുപടിയില്ലാത്ത ഒരു ഗോളിന് യെമനെ തോല്‍പിച്ചു. മുപ്പത്തേഴാം മിനിറ്റില്‍ ജമാല്‍ റാഷിദാണു പെനല്‍റ്റി കിക്കിലൂടെ ബഹ്റൈന്റെ വിജയഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ഖത്തറിനെ ഇറാഖ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ചു.