ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി: മദ്യപിച്ചുള്ള അടിപിടിയും അസഭ്യവര്‍ഷവും പതിവ്

0 second read

പത്തനംതിട്ട: മദ്യപിച്ചുള്ള അടിപിടിയും അസഭ്യവര്‍ഷവും പതിവായതോടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പൊക്കോളാന്‍ പറഞ്ഞ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. പഴകുളം അജ്മല്‍ ഹൗസില്‍ ഹമീദ് റാവുത്തറുടെ മകന്‍ ഷെഫീഖ് (38) ആണ് ഭാര്യ റജീന(38) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തുടര്‍ന്ന് മുങ്ങിയ ഷെഫിഖിനെ ഇന്നു പുലര്‍ച്ചെ നാലരയോടെ അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസ് ആദിക്കാട്ടുകുളങ്ങരയിലെ ഒരു മലയുടെ മുകളില്‍ നിന്ന് അറസ്റ്റ് ചെയ്തു.

റെജീന ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഷെഫീഖ് കൃത്യം നടത്തിയത്. നെഞ്ചിലും കഴുത്തിലും തുരുതുരാ വെട്ടുകയായിരുന്നു. കാലിന് സ്വാധീനക്കുറവുള്ളയാളാണ് റജീന. വെട്ടേറ്റ പരുക്കുകളോടെ ഇവര്‍ അലറിക്കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും വാതിലിന് സമീപം എത്തി കുഴഞ്ഞു വീണു. ബഹളം കേട്ട് സമീപവാസികള്‍ ഓടി വന്നതോടെ ഷെഫീഖ് ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ റെജീനയെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. വിവരമറിഞ്ഞ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ മൂന്നു സംഘങ്ങളായി തിരിഞ്ഞ് തെരച്ചില്‍ ആരംഭിച്ചു. ഇതിനിടെ പ്രതി ആദിക്കാട്ടുകുളങ്ങര മുസ്ലിം പള്ളിയില്‍ എത്തിയെന്ന് വിവരം ലഭിച്ചു. പൊലീസ് അവിടെ എത്തിയപ്പോഴേക്കും ഇയാള്‍ മുങ്ങി. സമീപ പ്രദേശങ്ങളെല്ലാം അരിച്ചു പെറുക്കുന്നതിനിടെയാണ് ഒരു മലമുകളിലെ കുറ്റിക്കാട്ടില്‍ നിന്ന് പ്രതിയെ കിട്ടിയത്.

പൊലീസ് പിടിയിലാകുമ്പോഴും ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഭാര്യയെ കൊന്നതില്‍ യാതൊരു പശ്ചാത്താപവും ഇയാള്‍ പ്രകടിപ്പിച്ചില്ല. മദ്യപിച്ചെത്തി ഭാര്യയെയും രണ്ടു മക്കളെയും മര്‍ദിക്കുന്നതും അസഭ്യം പറയുന്നതും പതിവായിരുന്നു. സഹികെട്ടതോടെ പത്താം ക്ലാസില്‍ പഠിക്കുന്ന മൂത്തമകന്‍ പിതാവിനെ ചോദ്യം ചെയ്യുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. മകനെ തടഞ്ഞില്ലെന്ന് ആരോപിച്ച് കഴിഞ്ഞ മൂന്നു ദിവസമായി വീട്ടില്‍ നിരന്തരം വഴക്കും അടിപിടിയും നടത്തി വരികയായിരുന്നു ഇയാള്‍. സഹികെട്ടതോടെ ഇന്നലെയാണ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ റജീന പറഞ്ഞത്. ഇതാണ് കൊലയ്ക്കുള്ള പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ മീന്‍കച്ചവടമായിരുന്നു ഷെഫീഖിന്. ഇപ്പോള്‍ കവുങ്ങു കയറി അടയ്ക്ക പറിക്കുന്ന ജോലി ചെയ്തു വരികയാണ്. പ്രതിയെ ചോദ്യംചെയ്ത് വരികയാണെന്ന് ഡിവൈഎസ്പി ആര്‍ ജോസ് അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…