വിശാഖപട്ടണം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിന് വിശാഖ പട്ടണത്ത് തുടക്കം കുറിക്കാനിരിക്കെ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ രോഹിത്ത് ശര്‍മ്മയെ പൂട്ടാന്‍ പുതിയ തന്ത്രങ്ങളൊരുക്കിയിട്ടുണ്ടെന്ന് ശ്രീലങ്കന്‍ താരം തിസാര പരേര. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ഇരു ടീമുകളും ഓരോ മത്സരം ജയിച്ചാണ് മൂന്നാമത്തെയും അവസാനത്തേതുമായ മത്സരത്തിനിറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ്ങ് നിരയെ മുട്ടുകുത്തിച്ച് ലങ്കന്‍ പട ജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ രോഹിത്ത് ശര്‍മ്മയുടെ ഡബിള്‍ സെഞ്ച്വറി മികവില്‍ ഇന്ത്യ ജയിച്ചിരുന്നു. രോഹിത്ത് ശര്‍മ്മയുടെ ബാറ്റിങ്ങ് പടയോട്ടത്തെ കൂച്ചുവിലങ്ങിടാന്‍ ലങ്കന്‍ ബോളര്‍മാര്‍ പുതിയ തന്ത്രം മെനഞ്ഞിട്ടുണ്ടെന്നാണ് പരേര വ്യക്തമാക്കുന്നത്.
ശ്രീലങ്കയുടേതിന് സമാനമായാണ് വിശാഖിലുമുള്ള അന്തരീക്ഷം. ആദ്യ രണ്ട് മത്സരങ്ങള്‍ നടന്ന മൊഹാലിയും ധര്‍മശാലയും ലങ്കയെ അപേക്ഷിച്ച് വ്യത്യസ്തമായിരുന്നു. വിശാഖപട്ടണം തങ്ങള്‍ക്ക് കൂടുതല്‍ പരിചയമുള്ള അന്തരീക്ഷമാണെന്നും പരേര വ്യക്തമാക്കി. രണ്ടാം മത്സരത്തില്‍ ടീം ചെയ്ത തെറ്റ് മൂന്നാം മത്സരത്തില്‍ ആവര്‍ത്തിക്കില്ലെന്നും പരേര കൂട്ടിച്ചേര്‍ത്തു.