ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ: അതിക്രൂരമായ കൊലപാതകമെന്ന് കോടതി

0 second read

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഏകപ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. തെളിയിക്കപ്പെട്ട മറ്റ് കുറ്റങ്ങളിലായി 10 വര്‍ഷവും ഏഴ് വര്‍ഷവും തടവിനും ശിക്ഷിച്ചു. 5 ലക്ഷം രൂപ പിഴയും വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി പറഞ്ഞു. അതിക്രൂരമായ കൊലപാതകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അമീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കൊലപാതക കുറ്റത്തിനാണ് വധശിക്ഷ. ജിഷ കേസ് ഡല്‍ഹി നിര്‍ഭയ കേസിന് തുല്യമാണെന്നും കോടതി പറഞ്ഞു.

അമീറിനെതിരായ മറ്റ് കുറ്റങ്ങള്‍:

അതിക്രമിച്ചു കടക്കല്‍ (ജീവപര്യന്തം)

അന്യായമായി തടഞ്ഞുവെക്കല്‍ (ഒരു വര്‍ഷം തടവ്)

ബലാത്സംഗം (ജീവിതാവസാനം വരെ കഠിന തടവ്)

മാരകമായി മുറിവേല്‍പ്പിച്ചതിന് (ജീവിതാവസാനം വരെ കഠിന തടവ്)

അമീറുള്‍ ഇസ്ലാമില്‍നിന്ന് കോടതി ഇന്നലെ ചിലകാര്യങ്ങള്‍ നേരിട്ടു ചോദിച്ചറിഞ്ഞിരുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അമീര്‍ കോടതിയെ അറിയിച്ചിരുന്നു. ജിഷയെ അറിയില്ല. കേസിനുപിന്നില്‍ ഭരണകൂട താല്‍പര്യമാണ്. പൊലീസ് അതിനൊത്തു പ്രവര്‍ത്തിച്ചു. മാതാപിതാക്കളെ കാണാന്‍ അനുവദിക്കണമെന്നും അമീറുള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന പ്രതിയുടെ ആവശ്യം വിചാരണക്കോടതി തള്ളുകയും ചെയ്തു. അസം സ്വദേശിയായ അമീറിന് പൊലീസിന്റെ ചോദ്യം ചെയ്യലുകള്‍ മനസ്സിലായില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ നിലപാടെടുത്തു. എന്നാല്‍ ശിക്ഷാവിധിയെക്കുറിച്ചു മാത്രം പറഞ്ഞാല്‍ മതിയെന്ന് അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.ഭാര്യയും മക്കളും ഉണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒരു കുട്ടിയുണ്ടെന്നായിരുന്നു അമീറിന്റെ മറുപടി. ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴും ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന് അമീറുള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആരാണ് കൊലപ്പെടുത്തിയതെന്ന് തനിക്ക് അറിയില്ലെന്നും അമീറുല്‍ നിലപാടെടുത്തു.

കേസ് അസാധാരണമാണെന്നും നിര്‍ഭയ കേസിന് സമാനമാണെന്നുമായിരുന്നു വാദിഭാഗം അഭിഭാഷകന്റെ വാദം. നിര്‍ഭയ കേസിലും പ്രതിക്ക് പ്രായം കുറവായിരുന്നു. പ്രതിക്ക് പ്രായത്തിന്റെ ഇളവു നല്‍കേണ്ടതില്ല. കൊലയും അതിക്രൂരപീഡനവും തെളിഞ്ഞു. ഇത്തരക്കാര്‍ സഹതാപം അര്‍ഹിക്കുന്നില്ല. വധശിക്ഷ തന്നെ നല്‍കണം. അമീറിന് ചെയ്ത കുറ്റത്തില്‍ പശ്ചാത്താപമില്ല. പശ്ചാത്താപം ഇല്ലാത്തതിനാലാണ് തുടരന്വേഷണം ആവശ്യപ്പെടുന്നത്. ജിഷയുടെ കുടംബത്തിനു മതിയായ നഷ്ടപരിഹാരം വേണമെന്നും വാദിഭാഗം വാദിച്ചു. അതേസമയം നിര്‍ഭയ കേസിനു സമാനമല്ല ജിഷയുടെ കേസെന്നും ഇതില്‍ ദൃക്സാക്ഷിയില്ലെന്നും ഊഹാപോഹങ്ങള്‍ കണക്കിലെടുത്ത് ശിക്ഷിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. സംഭവത്തില്‍ അമീറുള്‍ കുറ്റക്കാരനാണെന്നു വിചാരണ കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.

ജിഷയുടെ വീടിനു സമീപത്തെ വാടകക്കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന പ്രതി 2016 ഏപ്രില്‍ 28നു കൊല നടത്തിയെന്നാണു കേസ്. കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി അമീറുള്‍ ഇസ്ലാം ജിഷയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ജിഷ എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തി. ദേഷ്യം ശമിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ കത്തികൊണ്ടു മുറിവേല്‍പ്പിച്ചു. ഡിഎന്‍എ പരിശോധനാ ഫലങ്ങളുടെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ അമീറിനെതിരായ കുറ്റങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ദേഹത്ത് ചുരിദാറിന്റെ ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. കൊലപാതകിയെ കണ്ടെത്താന്‍ പൊലീസിന് ദീര്‍ഘനാളത്തെ അന്വേഷണം നടത്തേണ്ടിവന്നു. മുഴുവന്‍ നാട്ടുകാരുടെയും വിരലടയാളം അടക്കമുള്ളവ ശേഖരിച്ചുവെങ്കിലും കേസില്‍ തുമ്പുണ്ടാക്കാന്‍ പൊലീസിന് ആദ്യം കഴിഞ്ഞില്ല. നാട്ടുകാരടക്കം പലരിലേക്കും സംശയം നീണ്ടു.അന്യസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 14 ന് അസം സ്വദേശി അമീറുള്‍ ഇസ് ലാമിനെ കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന് പൊലീസ് പിടികൂടി. രക്തക്കറയുടെയും ഉമിനീരിന്റെയും ഡി.എന്‍.എ. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമീറുള്‍ ഇസ്ലാമാണെന്ന് പൊലീസ് കണ്ടെത്തിയത്.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള 100 സാക്ഷികളുടെയും പ്രതിഭാഗത്തെ ആറ് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് കോടതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചത്. 293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. സാഹചര്യതെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രേസിക്യൂഷന്‍ കേസിലെ ഏകപ്രതിയായ അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റം ആരോപിച്ചത്. കൊല്ലപ്പെട്ട ജിഷയുടെ വസ്ത്രം, നഖങ്ങള്‍, മുറിക്കുള്ളില്‍ കണ്ടെത്തിയ തലമുടി എന്നിവയുടെ ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രതി അമീറാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചത്. എന്നാല്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഓരാളെ പ്രതിയാക്കാനാവില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജിഷയെ കൊല്ലാനുപയോഗിച്ച ആയുധം സംബന്ധിച്ചും ജിഷ മരിച്ച സമയത്തെ കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.

പ്രതിക്കെതിരെ പരമാവധി ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് വിധി പ്രഖ്യാപനം കേള്‍ക്കാനായി കോടതിയലെത്തിയപ്പോള്‍ ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞിരുന്നു. വധശിക്ഷയില്ലെങ്കില്‍ മേല്‍കോടതിയെ സമീപിക്കും. വിധി എല്ലാവര്‍ക്കും പാഠമാകണമെന്നും രാജേശ്വരി വ്യക്തമാക്കിയിരുന്നു. ലോകത്തില്‍ ചെയ്യാന്‍ പറ്റാത്ത ഏറ്റവും വലിയ പാപമാണ് തന്റെ മകളോട് പ്രതി ചെയ്തത്. തന്റെ സ്വപ്നങ്ങളാണ് തകര്‍ക്കപ്പെട്ടത്. ഭിക്ഷ എടുത്ത് മകളെ പഠിപ്പിച്ചത് വക്കീല്‍ ആക്കാന്‍ വേണ്ടിയായിരുന്നുവെന്നും രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…