പ്രതിരോധ താരം ഉംറ്റിറ്റിയുടെ പരിക്കിനു പുറമേ അര്‍ജന്റീനിയന്‍ താരം മഷറാനോയും ടീം വിടാനൊരുങ്ങുന്നതോടെ മറ്റൊരു സൂപ്പര്‍താരത്തെ കളത്തിലെത്തിക്കാന്‍ ബാഴ്സയുടെ ശ്രമം. ബ്രസീലിയന്‍ ക്ലബ് പാല്‍മിറാസിന്റെ കൊളംബിയന്‍ താരമായ യെറി മിനയെയാണ് ബാഴ്സലോണ ഈ ജനുവരിയില്‍ ടീമിലെത്തിക്കാനൊരുങ്ങുന്നത്.
ബാഴ്സലോണയും പാല്‍മിറാസുമായും താന്‍ ബന്ധപ്പെട്ടിരുന്നുവെന്നും താരത്തിന്റെ ട്രാന്‍സ്ഫര്‍ നേരത്തെയാവാന്‍ സാധ്യതയുണ്ടെന്നും മിനയുടെ അമ്മാവന്‍ ഒരു ബ്രസീലിയന്‍ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ട്രാന്‍സ്ഫറിനായി ഞങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുകയാണെന്നും മിനയുടെ അമ്മാവന്‍ പറഞ്ഞു.
യെറി മിനയുമായി മുന്‍കൂര്‍ കരാറിലെത്തിയിരുന്ന ബാഴ്സലോണക്ക് ഈ സീസണ്‍ അവസാനം വരെ താരത്തെ ടീമിലെത്തിക്കാന്‍ പദ്ധതിയുണ്ടായിരുന്നില്ല. എന്നാല്‍ രണ്ടു താരങ്ങളെ നഷ്ടപ്പെടുന്നത് പ്രതിരോധത്തില്‍ വന്‍ തിരിച്ചടി നല്‍കിയതാണ് മിനയെ നേരത്തേ ടീമിലെത്തിക്കാന്‍ വാല്‍വെര്‍ദേയെ പ്രേരിപ്പിക്കുന്നത്.
സാമുവല്‍ ഉംറ്റിറ്റി ജനുവരി അവസാനം വരെ പരിക്കു പറ്റി പുറത്തായതും ബാഴ്സയില്‍ അവസരങ്ങള്‍ കുറഞ്ഞ മഷറാനോ ടീം വിടാനൊരുങ്ങുന്നതുമാണ് ബാഴ്സക്ക് തിരിച്ചടിയായത്. നിലവില്‍ രണ്ടു പ്രധാന സെന്റര്‍ ബാക്കുകള്‍ മാത്രമുള്ള ബാഴ്സയ്ക്ക് ഇവരിലാര്‍ക്കെങ്കിലും പരിക്കു പറ്റിയാല്‍ അതു വന്‍ തിരിച്ചടിയാണ്.