9 ലക്ഷം രൂപയുടെ റോളക്‌സ് കെട്ടി വഴിയേ നടന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി ഒളിവില്‍പാര്‍പ്പിച്ചത് രണ്ടുദിവസം

0 second read

ലണ്ടന്‍: 9 ലക്ഷം രൂപ വിലവരുന്ന റോളക്‌സ് വാച്ചും കെട്ടി തെരുവിലൂടെ നടന്ന 24-കാരനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചത് രണ്ടുദിവസം. തന്നെ നഗ്‌നനാക്കി മര്‍ദിച്ച അക്രമികള്‍, പിന്നീട് തന്റെ വീട് കൊള്ളയടിക്കുകയും ചെയ്തതായി യുവാവ് പരാതിപ്പെട്ടു. ഡിസംബര്‍ നാലിന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ക്രോയ്ഡനിലെ ലണ്ടന്‍ റോഡില്‍നിന്ന് ഇയാളെ തട്ടിക്കൊണ്ടുപോയത്.

കൈയില്‍ ധരിച്ചിരിക്കുന്ന വാച്ചായിരുന്നു അക്രമികളുടെ ആദ്യ ലക്ഷ്യം. കത്തിമുനയില്‍നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം വാച്ച് അത് യഥാര്‍ഥമാണെന്ന് മനസ്സിലാക്കിയതോടെ, യുവാവില്‍നിന്ന് കൂടുതല്‍ പണം തട്ടാനുള്ള ശ്രമമായി. അജ്ഞാത കേന്ദ്രത്തിലെത്തിച്ച് അവിടെ നഗ്‌നനാക്കി കെട്ടിയിട്ടായിരുന്നു മര്‍ദനം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും പൊലീസിന് നല്‍കിയ പരാതിയില്‍ യുവാവ് പറഞ്ഞു.

ക്രൂരമായ മര്‍ദനമാണ് യുവാവിന് നേരിടേണ്ടിവന്നതെന്ന് മെട്രൊപൊലിറ്റന്‍ പൊലീസ് പറഞ്ഞു. ബൂട്ടിട്ട് മുഖത്ത് ചവിട്ടുകയും മുഖം അടിച്ച് പൊട്ടിക്കുകയും ചെയ്തു. പിന്നീട് മോചനദ്രവ്യം നല്‍കാനും യുവാവിനെക്കൊണ്ട് അക്രമികള്‍ മാതാപിതാക്കളെ ഫോണ്‍ ചെയ്യിപ്പിച്ചു. യുവാവിന്റെ വീട്ടുകാരില്‍നിന്ന് ഇത് കിട്ടി്‌ലെന്ന് ഉറപ്പായതോടെയാണ് സംഘം കൊള്ളയിലേക്ക് തിരിഞ്ഞത്.

യുവാവിന്റെ പക്കല്‍നിന്ന് തട്ടിയെടുത്ത താക്കോല്‍ ഉപയോഗിച്ച് വീട്ടില്‍ പ്രവേശിക്കുകയും മോഷണം നടത്തുകയും ചെയ്തു. രണ്ടുപേരാണ് ഈ സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പൊലീസ് ഇപ്പോള്‍ പരിശോധിച്ചുവരികയാണ്. മുഖം മൂടി ധരിച്ചാണ് ഇരുവരും വീട്ടില്‍ക്കയറിയത്. ഇതിലൊരാള്‍ കറുത്തവര്‍ഗക്കാരനാണെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സിഡെനാമിലെ വീട്ടില്‍നിന്നും വന്‍തോതില്‍ കവര്‍ച്ച നടന്നതായാണ് പൊലീസ് അനുമാനിക്കുന്നത്. ഡിസൈനര്‍ ഹാന്‍ഡ്ബാഗുകള്‍, സണ്‍ഗ്ലാസുകള്‍, റോളക്‌സ് വാച്ചുകള്‍ തുടങ്ങിയവയും മോഷണം പോയതായി പൊലീസ് കണ്ടെത്തി. യുവാവിനെ മൂന്നാം ദിവസം ക്രോയ്‌ഡോനിലെ നോര്‍ത്ത് എന്‍ഡിലുള്ള മെട്രോബാങ്കിനു സമീപം എത്തിച്ചു.

ബാങ്കില്‍നിന്ന് യുവാവിനെക്കൊണ്ട് പണം പിന്‍വലിപ്പിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. ക്യാമറയില്‍ കുടുങ്ങുമെന്ന ഭയത്താല്‍ അക്രമികള്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയിരുന്നില്ല. ഈ തക്കത്തില്‍ യുവാവ് രക്ഷപ്പെടുകയായിരുന്നു. ക്രോയ്‌ഡോണ്‍ മിനിസ്റ്റര്‍ ചര്‍ച്ചിലേക്ക് ഓടിക്കയറിയ യുവാവ് തന്നെ രക്ഷിക്കണമെന്ന് പള്ളി അധികതരോടാവശ്യപ്പെട്ടു. അവര്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസെത്തുകയും യുവാവിനെ രക്ഷിക്കകുയും ചെയ്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…