മുംബൈ: ഐപിഎല്ലിലെ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സില്‍ നിന്നും ലോകക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫീല്‍ഡര്‍ ജോണ്ടി റോഡ്സ് വിട പറഞ്ഞു. നീണ്ട ഒന്‍പത് വര്‍ഷം മുംബൈ ഇന്ത്യന്‍സിന്റെ ഫില്‍ഡിംഗ് കോച്ചായി സേവനമനുഷ്ടിച്ച ശേഷമാണ് ജോണ്ടി റോഡ്സ് പിന്‍വാങ്ങുന്നത്.
ജോണ്ടി റോഡ്സിന് പകരം ജെയിംസ് പമ്മന്റായിരിക്കും ഇനി മുംബൈയുടെ ഫില്‍ഡിംഗ് പരിശീലകന്‍. സ്വന്തം ബിസിനസിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ വേണ്ടിയാണ് ജോണ്ടി മുംബൈ ഇന്ത്യന്‍സിനോട് വിട ചൊല്ലുന്നത്.
മുന്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരമാണ് ജെയിംസ് പമ്മന്റ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് പമ്മന്റ് കഴിവ് തെളിയിച്ചത്. മികച്ച ഫീല്‍ഡിംഗ് കോച്ചായി അറിയപ്പെടുന്ന താരമാണ് പമ്മന്റ്.
ആരംഭം മുതല്‍ മുംബൈ ടീമിന്റെ ഊര്‍ജ്ജവും ആവേശവുമായിരുന്നു ജോണ്ടിയെന്നും അദ്ദേഹത്തിന്റെ സേവനങ്ങള്‍ വാക്കുകളിലൊതുക്കാന്‍ സാധിക്കില്ലെന്നും ടീം ഉടമ ആകാശ് അംബാനി പറഞ്ഞു. ടീമില്‍ നിന്ന് പുറത്തു പോയാലും അദ്ദേഹം മുംബൈ ഇന്ത്യന്‍സ് കുടുംബത്തിന്റെ ഭാഗമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോണ്ടി അടങ്ങിയ മുംബൈ ഇന്ത്യന്‍സ് ടീം ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതിനോടകം മൂന്ന് തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ തന്നെ മികച്ച ഫീല്‍ഡിംഗ് ലൈനപ്പുളള ടീമുകളില്‍ ഒന്നാണ്.