ഏനാത്ത്: മത മൈത്രിയുടെ പെരുമ വിളിച്ചോതി മാലുസാ എഴുന്നള്ളത്തിന് ക്ഷേത്രത്തില്‍ സ്വീകരണം. കളമല തൈയ്ക്കാ പള്ളി ഷേഖ് മയാ ഖാന്‍ വലിയുള്ളാഹി ദര്‍ഗ്ഗാഷരീഫീല്‍ ചന്ദനംക്കുടം ഉത്സവത്തിന്റെ ഭാഗമായി നടന്ന മാലുസാ എഴുന്നള്ളത്തിനാണ് മണ്ണടി വടക്കേക്കാവ് അറപ്പുര ദേവീക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ നിലവിളക്കില്‍ ദീപം തെളിച്ച് സ്വീകരണം നല്‍കിയത്.
തൈയ്ക്കാ പള്ളിയിലെ ചന്ദനക്കുടം ഉത്സവത്തിനും നാനാജാതി മതസ്ഥര്‍ പങ്കുകൊള്ളാറുമുണ്ട്. വാദ്യമേളങ്ങളുടെയും കുതിരക്കുളമ്പടിയുടെയും അകമ്പടിയില്‍ മണ്ണടി താഴത്ത് കുടുംബവീട്ടില്‍ നിന്ന് ആരംഭിച്ച എഴുന്നള്ളത്ത് വിവിധയിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് തൈയ്ക്കാ പള്ളിയില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് പുലര്‍ച്ചെ ഭക്തിനിര്‍ഭരമായ ചന്ദനക്കുടം എടുപ്പും നടന്നു.