കണ്ണൂര്‍: പ്രമുഖ പത്രങ്ങളില്‍ ചരമവാര്‍ത്തയും പരസ്യവും നല്‍കിയ ശേഷം അപ്രത്യക്ഷനായ കര്‍ഷകനെ കണ്ടെത്തി. തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി ജോസഫ് മേലുക്കുന്നേലിനെ കോട്ടയത്ത് നിന്നാണ് കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്രങ്ങളില്‍ ലക്ഷങ്ങളുടെ പരസ്യം ഇയാള്‍ നല്‍കിയത്. ചരമകോളത്തിലും കൂടാതെ ഉള്‍പ്പേജില്‍ വലിയ വര്‍ണപ്പരസ്യവും നല്‍കിയിട്ടുണ്ട്. ജനനവും ജീവിതവും കുടുംബ പശ്ചാത്തലവുമെല്ലാം വിവരിക്കുന്നതായിരുന്നു ഉള്‍പ്പേജിലെ പരസ്യം.
തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നുവെന്നും ഹൃദ്രോഹ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യമെന്നും പരസ്യത്തിലുണ്ട്. ബന്ധുക്കളുടെയും, മക്കളുടെയും പേര് വിവരങ്ങള്‍ പരസ്യത്തിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ മകന്റെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്നും അദ്ദേഹം നല്‍കിയ പരസ്യത്തില്‍ പറയുന്നു.
സ്വന്തമായി തയ്യാറാക്കിയ പരസ്യം പയ്യന്നൂര്‍ മാതൃഭൂമി ബ്യൂറോയിലാണ് നേരിട്ട് ഏല്‍പ്പിച്ചത്. ഇവിടെ വെച്ചുതന്നെ മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളിലും നല്‍കണമെന്ന് ആവശ്യപ്പെടുകയും പണമടക്കുകയും ചെയ്തിരുന്നു.പിന്നീട് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. പത്രത്തില്‍ പരസ്യം വന്നതോടെ ഞെട്ടിയ ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്.
തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കര്‍ണാടകയിലേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ പോയിരിക്കുമെന്ന് കരുതി, അവിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഇതിനിടെ, കോട്ടയത്തെ ഒരാള്‍ ജോസഫിനെ തിരിച്ചറിയുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
ശാരീരികമായി അസുഖങ്ങളുള്ളതിനാലും മക്കള്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാനുമാണ് താന്‍ നാടുവിട്ടതെന്നാണ് ജോസഫ് പൊലീസിനോട് പറഞ്ഞത്.