തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങ് അടക്കമുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കി. സ്‌ക്രീനിങ് അല്ലാതെ മറ്റു കലാപരിപാടികള്‍ ഒന്നും നടത്തേണ്ടതില്ലെന്നാണ് തീരുമാനം. പരമാവധി ആര്‍ഭാട രഹിതമായി മേള നടത്താനാണ് തീരുമാനം.
നിശാഗന്ധിയില്‍ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള ആരംഭിക്കും. മുന്‍ വര്‍ഷങ്ങളിലെ പോലെ മറ്റ് പരിപാടികള്‍ ഉണ്ടാകില്ല. ഉദ്ഘാടന ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും എല്ലാ വര്‍ഷവും വിവിധ കലാപരിപാടികള്‍ മേളയില്‍ അരങ്ങേറാറുണ്ട്. ഓഖി ദുരന്തം സംസ്ഥാനത്ത് ആളപായവും നാശനഷ്ടങ്ങളും വരുത്തിയത് കണക്കിലെടുത്ത് ഇത്തവണ ആര്‍ഭടങ്ങളെല്ലാം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്തില്‍ ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനവും പാസ് വിതരണവും കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഡിസംബര്‍ എട്ടുമുതല്‍ 15 വരെ നടക്കുന്ന ചലച്ചിത്രമേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 195 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.