തിരുവനന്തപുരം: കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയ്ക്ക് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ വിതച്ചത് വന്‍ നാശനഷ്ടം. അടുത്ത 12 മണിക്കൂര്‍ നേരകൂടി തെക്കന്‍ കേരളത്തില്‍ പരക്കെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം നാലായി. തിരുവനന്തപുരത്ത് കിള്ളിയില്‍ വൈദ്യുതികമ്പി പൊട്ടിവീണ് രണ്ട് പേര്‍ മരിച്ചു.കിള്ളി തുരുമ്പാട് തടത്തില്‍ അപ്പുനാടാര്‍ (75) ഭാര്യ സുമതി (67) എന്നിവരാണ് മരിച്ചത്. കൊല്ലം കുളത്തൂപ്പുഴയില്‍ ഓട്ടോറിക്ഷയ്ക്കുമേല്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു, കുളത്തൂപ്പുഴ സ്വദേശി ജിഷ്ണുവാണ് മരിച്ചത്.വിഴിഞ്ഞത്ത് മരം കടപുഴകി വീണ് ഒരു സ്ത്രീ മരിച്ചു. അല്‍ഫോന്‍സാമ്മയാണ് മരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കാനാണ് നിര്‍ദ്ദേശം.